ഒടുക്കം മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ കാത്തിരുന്ന വാർത്ത വന്നെത്തി. ഒലെ ഗുണ്ണർ സോൾസ്ജർ യുണൈറ്റഡിന്റെ സ്ഥിരം മാനേജർ ആയി വന്നെത്തുന്നു. മൂന്നു വർഷത്തെ കാലാവധിയിലാണ് സർ അലക്സ് ഫെർഗുസൻറെ “സൂപ്പർ സബ്” മാനേജർ ആകുന്നത്. ചുവന്ന ചെകുത്താന്മാരെ അവരുടെ പഴയ പ്രതാപത്തിലേക്ക് സോൾസ്ജർക്ക് എത്തിക്കാൻ കഴിയുമെന്ന് ആരാധകർ ഉറച്ചു വിശ്വസിക്കുന്നു. ആ വിശ്വാസം സോൾസ്ജർക്ക് അമിത ഭാരം ആകാനിടയില്ല. എന്നും യുണൈറ്റഡിന് വേണ്ടി വിശ്വാസങ്ങൾ കാത്തു സംരക്ഷിച്ചിട്ടുള്ളതാണ് അദ്ദേഹം.
1973 ഫെബ്രുവരി മാസം 26 ന് നോർവേയിൽ ക്രിസ്ട്യൻസുണ്ടിലാണ് ഓലയുടെ ജനനം. അദ്ദേഹത്തിന്റെ അച്ഛൻ ഒരു ഗുസ്തിക്കാരനായിരുന്നു. ചെറുപ്പത്തിൽ ഓലയും കുറച്ചു നാൾ ഗുസ്തി പഠിക്കാൻ പോയിയിരുന്നു. പക്ഷെ കുഞ്ഞു ഒലേക്ക് വളരെ പെട്ടന്ന് മനസിലായി ഇത് തനിക്ക് പറ്റിയ പണി അല്ല എന്ന്. ഏഴാം വയസ്സിൽ നോർവെജിൻ തേർഡ് ഡിവിഷൻ ക്ലബായ ക്ലാസെന്ങാൻ FK യില് ഒലെ ചേർന്നു. ഗോളടിച്ചു പഠിച്ചത് ആ ക്ലബ്ബിലായിരുന്നു. അവരുടെ യൂത്ത് ടീമിലെ കളിപഠനം 17 വയസ്സായപ്പോഴേക്കും ഒരു ഒന്നാന്തരം ഫുട്ബോളറാക്കി ഒലയെ മാറ്റിയിരുന്നു.1990 ൽ അവരുടെ സീനിയർ ടീമിന് വേണ്ടി ഒലെ അരങ്ങേറി. ആദ്യ ടൂർണമെന്റിൽ തന്നെ ആറ് കളികളിൽ നിന്ന് 17 ഗോളുകളാണ് നമ്മുടെ താരം അടിച്ചു കൂട്ടിയത് നാല് വര്ഷം ക്ലാസെന്ങാൻ ക്ലബിന് വേണ്ടി കളിച്ച ഒലെ 109 കളികളിൽ നിന്ന് 115 ഗോളുകളാണ് നേടിയത്. മൂന്നാം ഡിവിഷൻ ക്ലബ്ബിനെ രണ്ടാം ഡിവിഷനിലേക്കു ഉയർത്തുകയും, രണ്ടാം ഡിവിഷനിൽ അവരെ ആറാം സ്ഥാനത്തു എത്തിക്കുകയും ചെയ്തതിൽ ഓലയുടെ പങ്ക് ശ്രദ്ധേയമാണ്. ഇതിനിടെ 1992-93ൽ 19 ആം വയസ്സിൽ നിർബന്ധിത സൈനിക സേവനത്തിനും ഒലെ പോവുകയുണ്ടായി.
നോർവെജിൻ വമ്പന്മാരായ മോൾഡക്ക് വേണ്ടി 1995 മുതൽ രണ്ട് സീസണിൽ ഇറങ്ങിയ സോൾസ്ജറിന്റെ കഴിവ് സാക്ഷാൽ അലക്സ് ഫെർഗുസണിന്റെ കണ്ണുകളിൽ വന്നു പെട്ടു. 1996 ൽ 1.5 മില്യൺ പൗണ്ടിന് സോൾസ്ജർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തി പെട്ടു. അതുവരെ നോർവെയ്ക്കു പുറത്തു അറിയപെടാതിരുന്ന ഒലെ നിമിഷ കാലയളവിനുള്ളിൽ ഇംഗ്ലണ്ട് മുഴുവൻ തന്റെ പ്രശസ്തി എത്തിച്ചു. ആദ്യ കളിയിൽ 64 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങി 6 മിനുട്ടിനുള്ളിൽ വെടിപൊട്ടിച്ചാണ് അദ്ദേഹം തന്റെ വരവറിയിച്ചതു. ആ വർഷത്തെ പ്രീമിയർ ലീഗ് കിരീടം യുണൈറ്റഡിന്റെ അലമാരയിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ആ കൗമാരസൗന്ദര്യമുള്ള 23 കാരനെ ബ്രിട്ടീഷ് മാധ്യമങ്ങൾ ഒരു പേര് വിളിച്ചു – “ബേബി ഫേസ്ഡ് അസ്സാസിൻ” , കുട്ടിത്തമുള്ള കൊലയാളി”.
93ആം മിനിറ്റിൽ കളിതീരാൻ 45 സെക്കൻഡ് മാത്രം ബാക്കിയുള്ളപ്പോൾ ഒലെ ഗുണ്ണർ സോൾസ്ജർ തൻറെ കടമ പൂർത്തിയാക്കി. യുണൈറ്റഡിന് വിജയഗോൾ, യുണൈറ്റഡിന് ട്രബിൾ.
പിന്നീട് സോൾസ്ജർക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ്ന്റെ പ്രതാപകാലത്ത് അവർക്കുവേണ്ടി 11 കൊല്ലം നീണ്ട പുകൾപെറ്റ കരിയർ കെട്ടിപ്പടുക്കുവാൻ സോൾസ്ജർക്ക് കഴിഞ്ഞു, 1996 മുതൽ 2007 വരെ, 366 കളികളിൽനിന്ന് 126 ഗോളുകൾ, 6 പ്രീമിയർ ലീഗ് കിരീടങ്ങൾ, 2 എഫ് എ കപ്പ്, 2 എഫ് എ കമ്മ്യൂണിറ്റി ഷീല്ഡ്, ഇതിഹാസങ്ങളിൽ എഴുതി ചേർക്കപ്പെട്ട ഒരു ചാമ്പ്യൻസ് ലീഗ്, ഒരു ഇന്റര്കോണ്ടിനന്റൽ കപ്പ് എന്നിവ നേടി യുണൈറ്റഡിന്റെ ഏറ്റവും വിശ്വസ്തനായ പകരക്കാരൻ ആയിരുന്നു ഒലെ ഗുണ്ണർ സോൾസ്ജർ. അത് ഗോൾ നേടുന്നതിൽ ആയിക്കോട്ടെ, കളിയുടെ മറ്റ് മേഖലകളിൽ ആയിക്കോട്ടെ. 1998-99 സീസണിലെ “കോണ്ടിനന്റൽ ട്രബിൾ” നേടിയ ഏറ്റവും പ്രശസ്തമായ യുണൈറ്റഡ് ടീമിൻറെ നിർണായക ഘടകമായിരുന്നു ഒലെ ഗുണ്ണർ സോൾസ്ജർ. ആ വർഷത്തെ എഫ് എ കപ്പിലെ ലിവർപൂൾ മത്സരത്തിൽ 81ആം മിനിറ്റിൽ ഇറങ്ങി വിജയ ഗോൾ നേടിയും, നോട്ട് നോട്ടിംഗ്ഹാം ഫോറസ്റ്റിന് എതിരെയുള്ള ലീഗ് മത്സരത്തിൽ 71 മിനിറ്റിൽ ഇറങ്ങി 12 മിനിറ്റ് ഇടയിൽ 4 ഗോളടിച്ചു തനിക്ക് വേണ്ടി പുതിയൊരു വട്ടപ്പേര് ഒലെ എഴുതി ഉണ്ടാക്കുകയായിരുന്നു, “സൂപ്പർ സബ്”. ആ പേര് അരക്കിട്ടുറപ്പിച്ചത് ട്രബിൾ തികച്ച ചാമ്പ്യൻസ് ലീഗ് വിജയത്തോടെയാണ്. ഫൈനലിൽ ആദ്യ ഗോൾ നേടിയ ബയേൺ മ്യൂണിക് കപ്പ് ചുണ്ടോടടുപ്പിച്ചു. എന്നാൽ സർ അലക്സിനെ മറ്റു ചില പദ്ധതികൾ ഉണ്ടായിരുന്നു. എൺപത്തിയൊന്നാം മിനിറ്റിൽ സൂപ്പർ സബ് കളത്തിലിറങ്ങി. 90 മിനിറ്റ് കഴിയുമ്പോഴും ഒരു ഗോളിന് പിന്നിലായിരുന്നു യുണൈറ്റഡ്. 91ആം മിനിറ്റിൽ സമനില ഗോൾ വന്നു. 93ആം മിനിറ്റിൽ കളിതീരാൻ 45 സെക്കൻഡ് മാത്രം ബാക്കിയുള്ളപ്പോൾ ഒലെ ഗുണ്ണർ സോൾസ്ജർ തൻറെ കടമ പൂർത്തിയാക്കി. യുണൈറ്റഡിന് വിജയഗോൾ, യുണൈറ്റഡിന് ട്രബിൾ.
എന്നാൽ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു സൂപ്പർ സബ്സ്റ്റിറ്റ്ഷ്യൂൻ ഉണ്ടായിരുന്നു. 1997-98 സീസണിലെ ന്യൂകാസിലുമായുള്ള മത്സരത്തിൽ കളി 1-1ന് സമനിലയോടെ പോയികൊണ്ടിരിക്കുകയായിരുന്നു. പതിവുപോലെ 79 മിനിറ്റിൽ സോൾസ്ജർ അവതരിപ്പിക്കപ്പെട്ടു. കളി തീരാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ ന്യൂകാസിലിനെ ഒരു തുറന്ന അവസരം വന്നുചേർന്നു. പന്തുമായി കുതിച്ച റോബ് ലിയെ അവിശ്വസനീയമായി ഗ്രൗണ്ടിന്റെ ഒരറ്റത്തുനിന്ന് ഓടിവന്ന് ഫൗൾ ചെയ്ത് വീഴ്ത്തി ഒലെ ആ ഗോളവസരം തുലച്ചു കൊടുത്തു. അന്ന് ആ ഗോൾ വഴങ്ങിയിരുന്നെങ്കിൽ ആർസനലുയുമായുള്ള കിരീടപ്പോരാട്ടം യുണൈറ്റഡിന് അന്ന് അവസാനിപ്പിക്കാമായിരുന്നു. ആ സീസണിൽ ഒടുക്കം ഒറ്റ പോയിന്റിനാണ് യുണൈറ്റഡ് കിരീടം അടിയറ വെച്ചത്. ആ ഫൗൾ കൊണ്ട് മാർച്ചിംഗ് ഓർഡർ വേടിച്ച് ഒലെ പുറത്തുപോയി. പിന്നീടുള്ള രണ്ടു കളികളിൽ സസ്പെൻഡടും ആയിരുന്നു. എന്നിരുന്നാലും സ്വന്തം വ്യക്തി താൽപര്യങ്ങൾക്കു മുകളിൽ ടീമിൻറെ താൽപര്യങ്ങൾ സ്ഥാപിച്ച സോൾസ്ജർക്ക് യുണൈറ്റഡ് ആരാധകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠയാണ് ലഭിച്ചത്, ഒരു മാർച്ചിംഗ് ഓർഡറിന് ഇറക്കി വിടാൻ കഴിയാത്ത പ്രതിഷ്ഠ.
2003 മുതൽ വിടാതെ പിന്തുടർന്ന് കാൽമുട്ടിലെ പരിക്ക് ഒലെയുടെ കരിയറിന് അപ്രതീക്ഷിത തിരശ്ശീലയിട്ടൂ. 2004-ലെ കാൽമുട്ടിലെ മേജർ സർജറിക്ക് ശേഷം 2004-05 സീസൺ സോൾസ്ജർക്ക് പൂർണമായി നഷ്ടമായി. അടുത്ത സീസണിൽ തിരിച്ചുവന്നെങ്കിലും പരിക്ക് പിന്നെയും വില്ലനായി മാറി. പിന്നീടുള്ള രണ്ടു സീസണുകൾ സർജറിയും വിശ്രമവും ഇടയ്ക്കുള്ള കളികളുമായി മുന്നോട്ടുപോയെങ്കിലും പൂർണ മുക്തി നേടാൻ അവാത്തതിനാൽ 2007ൽ ഒലെ വിരമിച്ചൂ. മാതൃരാജ്യമായ നോർവേയ്ക്ക് വേണ്ടി 67 കളികളിൽ നിന്ന് 23 ഗോളുകളും ഒലെ നേടിയിട്ടുണ്ട്. 2008 ഓഗസ്റ്റ് 2ന് ഓൾഡ് ട്രാഫോഡിൽ വെച്ച് ഒലെക്ക് വേണ്ടി ക്ലബ്ബ് ഏർപ്പെടുത്തിയ ടെസ്റ്റിമോണിയൽ മാച്ച് കാണാൻ 69,000 കാണികളാണ് വന്നത്. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാണികൾ പങ്കെടുത്ത രണ്ടാമത്തെ ടെസ്റ്റിമോണിയൽ മാച്ച്. ഓൾഡ് ട്രാഫോഡിൽ സ്ട്രെറ്റ് ഫോർഡ് എന്റീൽ ഇന്നും കളികൾക്കിടയിൽ ഒരു ബാനർ തെളിഞ്ഞുകാണാം.
“20 LEGEND”. ഒലെയുടെ ഇരുപതാം നമ്പർ ജേഴ്സി സൂചിപ്പിക്കുന്നു ആ ഒരു ബാനർ മതി ഒലെ ഗുണ്ണർ സോൾസ്ജറെ യുണൈറ്റഡ് ആരാധകർ എത്രമാത്രം സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കാൻ, ഒലെ തിരിച്ചും.