ബ്രാവോയും വാട്സണും തിളങ്ങി. ചെന്നൈക്ക് രണ്ടാം ജയം.
യുവത്വവും അനുഭവ സമ്പത്തും ഏറ്റുമുട്ടിയപ്പോൾ വിജയം അനുഭവസമ്പത്തിനൊപ്പം നിന്നു. ഡൽഹിയിൽ വെച്ച് നടന്ന മതസരത്തിൽ ഡൽഹിക്ക് 6 വിക്കറ്റിന്റെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തപ്പോൾ ചെന്നൈ 2 പന്തുകൾ ബാക്കി നിൽക്കെ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡൽഹിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. യുവ ഓപ്പണർ പ്രിത്വി ഷാ 16 പന്തുകയിൽ നിന്നും 24 റൺസ് എടുത്ത് പുറത്തായി. 4.3 ഓവറിൽ 36 റൺസ് എടുത്ത് നിൽക്കുമ്പോളാണ് പ്രിത്വി ഷാ പുറത്തായത്. പിന്നീട് എത്തിയ ശ്രെയസ് അയ്യർ ശിഖർ ധവാനൊടൊപ്പം മെല്ലെ സ്കോർ ഉയർത്തി. 11.4 ഓവറിൽ 79 റൺസ് എടുത്തു നിൽക്കുമ്പോൾ 18 റൺസ് എടുത്ത ശ്രെയസ് അയ്യർ പുറത്തായി. കഴിഞ്ഞ മത്സരത്തിലെ സൂപ്പർ ഹീറോ ഋഷഭ് പന്ത് വെടിക്കെട്ടോടെ തുടങ്ങിയെങ്കിലും അധികം നേരം നീണ്ടുനിന്നില്ല. 13 പന്തിൽ 2 ബൗണ്ടറിയും ഒരു സിക്സും അടക്കം 25 റൺസ് എടുത്ത് പന്ത് പുറത്തയായി. അപ്പോഴും ശിഖർ ധവാൻ ഒരറ്റത്തു ഉറച്ച് നില്പുണ്ടായിരുന്നു. ധവാന്റെ അർദ്ധ സെഞ്ച്വറി ആണ് ഡൽഹിക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. 47 പന്തിൽ 7 ബൗണ്ടറി അടക്കം 51 റൺസ് ആയിരുന്നു ധവാന്റെ സമ്പാദ്യം. ചെന്നൈക്ക് വേണ്ടി 4 ഓവറിൽ 33 റൺസ് വഴങ്ങി 3 വിക്കറ്റ് എടുത്ത ഡ്വെയ്ൻ ബ്രാവോയുടെ പ്രകടനം മികച്ചു നിന്നു. ചാഹർ, ജഡേജ, താഹിർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ചെന്നൈക്ക് തുടക്കത്തിലേ അമ്പാട്ടി റായുഡുവിനെ നഷ്ടമായെങ്കിലും ഒരറ്റത്തു നിന്നു വാട്സൺ തകർത്തടിക്കുകയായിരുന്നു. റായിഡുവിനു പിന്നാലെ എത്തിയ റെയ്നയും നല്ല രീതിയിൽ സ്കോർ ഉയർത്തി വാട്സണ് മികച്ച പിന്തുണ നൽകി. 26 പന്തിൽ 4 ബൗണ്ടറിയും 3 സിക്സും അടക്കം 44 റൺസുമായി വാട്സൺ പുറത്താകുമ്പോ ചെന്നൈ 6.4 ഓവറിൽ 73 റൺസ് എന്ന ശക്തമായ നിലയിലായിരുന്നു. 10.2 ഓവറിൽ 98 റൺസ് എന്ന നിലയിലെത്തിച്ച ശേഷമാണ് 30 റൺസ് എടുത്ത റെയ്ന പുറത്താകുന്നത്. അവിടെനിന്നും ചെന്നൈ അനായാസം വിജയത്തിലെത്തുമെന്ന് തോന്നിച്ചെങ്കിലും പിന്നീട് വന്ന ജാദവും ധോണിയും വളരെ ശ്രദ്ധാപൂർവമാണ് ബാറ്റ് വീശിയത്. 35 പന്തിൽ 32 റൺസ് എടുത്ത ധോണിയുടെ മികവിൽ അവസാന ഓവറിലാണ് ചെന്നൈ ലക്ഷ്യത്തിലെത്തിയത്. ഡൽഹിക്ക് വേണ്ടി 35 റൺസിന് 2 വിക്കറ്റ് എടുത്ത അമിത് മിശ്ര ബൗളിങ്ങിൽ തിളങ്ങി. ഷെയ്ൻ വാട്സൺ ആണ് കളിയിലെ താരം.