Cricket Editorial IPL Top News

എന്താണ് മങ്കാദിങ്? ക്രിക്കറ്റിൽ ഇത് അംഗീകരിക്കപ്പെട്ടിട്ടുള്ളതാണോ?

March 26, 2019

author:

എന്താണ് മങ്കാദിങ്? ക്രിക്കറ്റിൽ ഇത് അംഗീകരിക്കപ്പെട്ടിട്ടുള്ളതാണോ?

കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാൻ റോയല്സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ഇലവന്റെ നായകൻ അശ്വിൻ, റോയൽസിന്റെ ബട്ട്ലറിനെ മങ്കാദിങ് ചെയ്ത് പുറത്താക്കിയതോടു കൂടി വീണ്ടും മങ്കാദിങ് എന്ന വിവാദ പുറത്താക്കൽ ശ്രദ്ധ പിടിച്ചിരിക്കുകയാണ്. ബൗളർ ബോൾ എറിയുന്നതിനു മുൻപ് നോൺ സ്‌ട്രൈക്കർ ക്രീസിനു വെളിയിൽ ഇറങ്ങിയാൽ ആ ബാറ്റ്സ്മാനെ ബൗളർ റൺ ഔട്ട് ആക്കുന്ന രീതിയാണ് മങ്കാദിങ്.  ഇങ്ങനെയുള്ള പുറത്താക്കൽ മത്സരത്തിന്റെ മാന്യതയെ ചോദ്യം ചെയ്യുമോ എന്നുള്ളതാണ് ഇപ്പോഴുള്ള ചർച്ച. അന്താരാഷ്ട്ര തലത്തിലും ഇതിനുമുൻപ് 8 തവണ മങ്കാദിങ്ങിലൂടെ ബാറ്റ്‌സ്മാൻമാരെ പുറത്താക്കിയിട്ടുണ്ട്. ചിലർ ഇത് കളിയുടെ മാന്യതക്ക് ഭംഗം വരുത്തുന്നതാണെന്ന് വാദിക്കുമ്പോൾ, മറ്റു ചിലർ ഇത് നിയമം മൂലം അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെങ്കിൽ മങ്കാദിങ് തെറ്റൊന്നുമല്ല എന്ന് വാദിക്കുന്നവരാണ്. ഏതായാലും ഐപിഎൽ മൂന്നാം ദിവസത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ വിവാദങ്ങൾക്കും തുടക്കമായിരിക്കുകയാണ്.

മങ്കാദിങ്ങിന്റെ ഉദ്ഭവം

മങ്കാദിങ്ങിനു ആ പേര് ലഭിക്കുന്നത് ആദ്യ കാല ഇന്ത്യൻ കളിക്കാരിലൊരാളായ വിനു മങ്കാദിലൂടെയാണ്. 1947 ൽ സിഡ്‌നിയിൽ വെച്ച് നടന്ന ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയയുടെ ബിൽ ബ്രൗണിനെ പുറത്താക്കാൻ ഇന്ത്യയുടെ വിനു മങ്കാദ് സ്വീകരിച്ച മാർഗമാണ് പിന്നീട് ക്രിക്കറ്റ് നിയമാവലികളിൽ സ്ഥാനം പിടിച്ച മങ്കാദിങ്. ക്രിക്കറ്റ് ഇതിഹാസം സർ ഡോൺ ബ്രാഡ്മാൻ അടക്കം വിനു മങ്കാദിന് സപ്പോർട്ടുമായി വന്നിരുന്നു. പിന്നീട് എന്നു മുതലാണ് മങ്കാദിങ് കളിയുടെ മാന്യതക്ക് കളങ്കമായി തുടങ്ങിയത്?

മങ്കാദിങ്ങിലൂടെ പുറത്താക്കുന്നത് ക്രിക്കറ്റ് നിയമാവലിയിൽ എഴുതി ചേർത്തിട്ടുണ്ടെങ്കിലും, പുറത്താക്കുന്നതിനു മുൻപ് ബൗളർ ബാറ്റ്സ്മാന് ഒരു മുന്നറിയിപ്പ് നൽകുന്ന രീതി പണ്ട് മുതൽക്കേ നിലനിന്നിരുന്നു. ആദ്യമായി മങ്കാദിങ്ങിലൂടെ ബിൽ ബ്രൗണിനെ പുറത്താകുമ്പോൾ വിനു മങ്കാദ് ഒരു തവണ മുന്നറിയിപ്പ് നൽകിയിരുന്നു. മുന്നറിയിപ്പ് നൽകണം എന്നുള്ളത് നിർബന്ധമല്ലെങ്കിൽ കൂടി കളിയുടെ മാന്യതയെ ബാധിക്കാതിരിക്കാൻ അത് ഒരു രീതിയാക്കി മാറ്റുകയായിരുന്നു.

അന്താരാഷ്ട്ര തലത്തിൽ ഇതുവരെ നടന്നിട്ടുള്ള 8 മങ്കാദിങ് പുറത്താക്കലിൽ 3 എണ്ണവും ഇന്ത്യക്കാരുടെ വകയായിരുന്നു. വിനു മങ്കാദിന് ശേഷം 1992 ൽ കപിൽ ദേവ് സൗത്ത് ആഫ്രിക്കൻ താരം പീറ്റർ കിർസ്റ്റനെ ഈ രീതിയിൽ പുറത്താക്കിയിരുന്നു. 2012 ൽ രവിചന്ദ്ര അശ്വിൻ ശ്രീലങ്കയുടെ ലാഹിരു തിരിമന്നയെ മങ്കാദിങ്ങിലൂടെ പുറത്താക്കിയെങ്കിലും അന്നത്തെ ഇന്ത്യൻ നായകൻ വിരേന്ദർ സെവാഗ് തിരിമന്നയെ തിരിച്ചു വിളിക്കുകയായിരുന്നു. ജോസ് ബട്ട്ലർ ഇത് ആദ്യമായല്ല മങ്കാദിങ്ങിനു ഇരയാകുന്നത്. 2014 ൽ ശ്രീലങ്കയുടെ സചിത്ര സേനാനായകെ ബട്ട്ലറിനെ ഇതേ രീതിയിൽ പുറത്താക്കിയിട്ടുണ്ട്. അന്നും ഇത് വിവാദമായിരുന്നു. പക്ഷെ ഒരു തവണ മുന്നറിയിപ്പ് നല്കിയിട്ടാണ് സേനാനായകെ ബട്ട്ലറിനെ പുറത്താക്കിയത് എന്നതാണ് ശ്രീലങ്കൻ ടീം ഇതിനു നൽകിയിരുന്ന ന്യായീകരണം.

ഏതു മത്സരമായാലും അതിനു ഒരു പറ്റം നിയമങ്ങൾ ഉണ്ടാകും. അതിൽ ചിലത് എല്ലാ കളിക്കാർക്കും കളി ആരാധകർക്കും ഉൾക്കൊള്ളണമെന്നുമില്ല. അതുപോലെ തന്നെ ഏതു മത്സരമായാലും സ്പോർട്സ് മാൻ സ്പിരിറ്റ് എന്ന വസ്തുത മനസ്സിൽ വെച്ച് കളിക്കാനായാൽ അത് കളിക്കുന്നവർക്കും കളി കാണുന്നവർക്കും ഒരുപോലെ പ്രചോദനമാകും. മങ്കാദിങ് കളിയുടെ മാന്യതക്ക് ചേർന്നതല്ലെങ്കിൽ പിന്നെ എന്തിനാണ് ഇത് കളിയുടെ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതാണ് ആരാധകരുടെ ഇടയിലുള്ള പ്രധാന ചോദ്യം.

Leave a comment