Foot Ball Top News

യൂറോ 2020 ക്വാളിഫൈയർ: ആവേശപ്പോരാട്ടത്തിൽ ഹോളണ്ടിനെ കീഴടക്കി ജർമനി

March 25, 2019

author:

യൂറോ 2020 ക്വാളിഫൈയർ: ആവേശപ്പോരാട്ടത്തിൽ ഹോളണ്ടിനെ കീഴടക്കി ജർമനി

23വർഷത്തിന് ശേഷം ഓറഞ്ച് മണ്ണിൽ ജർമൻ വിജയം. 2018-ൽ നേർക്കുനേർ വന്ന 2 മത്സരങ്ങളിലും അവസാനമിനുട്ടുകളിൽ ജർമൻ ഹൃദയം തകർത്തു ഗോൾ നേടിയ ഹോളണ്ടിന് യൂറോ ക്വാളിഫൈറിൽ അതേ നാണയത്തിൽ തിരിച്ചടി. വമ്പന്മാരുടെ പോരാട്ടത്തിൽ സമനിലയിലേക്ക് പോയ മത്സരം അവസാനിക്കാൻ 1മിനിറ്റ് അവശേഷിക്കവേ നേടിയ ഗോളിൽ ഹോളണ്ടിനുമേൽ ജർമനിയുടെ ത്രസിപ്പിക്കുന്ന ജയം (3-2). വിജയികൾക്ക് വേണ്ടി സനെ, ഗ്രന്ബറി, ഷൂൾസ് എന്നിവർ ഗോൾ നേടിയപ്പോ ഹോളണ്ടിനു വേണ്ടി ഡീപേയ്, ഡി ലിറ്റ് എന്നിവർ ഗോൾ നേടി.

ഇരു ടീമുകളും മികച്ച കളി പുറത്തെടുത്ത ആദ്യ പകുതിയിൽ രണ്ടു പേർക്കും മികച്ച അവസരങ്ങൾ ലഭിച്ചു.15ആം മിനുട്ടിൽ ജർമ്മനി മുന്നിലെത്തി. ഷൂൾസിന്റെ ക്രോസ്സ് സ്വീകരിച്ച് ലിയോറി സനെ ഡച്ച് ഗോളിയെ കീഴടക്കി പന്ത് വലയിലെത്തിച്ചു (1-0). ഗോൾ വീണതോടു കൂടി സമനിലക്കായി ഹോളണ്ട് ആക്രമണം നടത്തി. എന്നാൽ ഡച്ച് താരം ബാബേലിന്റെ ഗോളെന്നുറച്ച 2 ഷോട്ടുകൾ ജർമൻ ഗോളി ന്യൂയർ അത്യുജ്ജ്വലമായി സേവ് ചെയ്തു. അധികം വൈകാതെ ജർമ്മനി ലീഡുയർത്തി.34ആം മിനുട്ടിൽ റുഡിഗെറിന്റെ പാസ്സ് സ്വീകരിച്ച് മുന്നോട്ട് കുതിച്ച ഗ് നാബറി പ്രതിരോധ താരം വാൻ ഡിജിക്കിനെ കബളിപ്പിച്ച് ഉതിർത്ത മനോഹരമായ കർലിങ് ഷോട്ട് പോസ്റ്റിന്റെ വലതു മൂലയിലേക്ക് (2-0). പിന്നീടും ചില അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ വീണില്ല.

രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ ഹോളണ്ട് തിരിച്ചടിച്ചു.പോസ്റ്റിനു വെളിയിൽ നിന്നും ഡിപേ നൽകിയ ക്രോസ്സ് ഹെഡ് ചെയ്ത് ഡി ലിറ്റ് ഓറഞ്ച് പടയുടെ ആദ്യ ഗോൾ നേടി (2-1). പിന്നീടങ്ങോട്ട് നെതെർലാൻഡ്‌സിന്റെ ആധിപത്യമായിരുന്നു മാച്ചിൽ. ജർമൻ ബോക്സ്‌ ലക്ഷ്യമാക്കി നിരന്തരം ഡച്ച് താരങ്ങൾ കുതിച്ചു. 63ആം മിനുട്ടിൽ ഹോളണ്ട് സമനില നേടി. ബോക്സിനുള്ളിലെ പന്ത് ക്ലിയർ ചെയ്യുന്നതിൽ ജർമൻ താരങ്ങളുടെ ആശയകുഴപ്പം മുതലെടുത്ത് ഡി പേയുടെ ലോ ഷോട്ട് ഗോളി ന്യൂയറിനെ നിസ്സഹായനാക്കി (2-2). രണ്ടാം ഗോൾ വീണതോടെ വർധിത വീര്യത്തോടെ ജയത്തിനായി ഹോളണ്ട് പൊരുതി.എന്നാൽ കളിയുടെ ഗതിക്ക് വിപരീതമായി 90ആം മിനുട്ടിൽ മികച്ച ഒരു കൗണ്ടർ അറ്റാക്കിനൊടുവിൽ ജർമ്മനി നേടിയ ഗോൾ മത്സരത്തിന്റെ വിധിയെഴുതി(3-2).

ആധികാരികമല്ലെങ്കിലും നെതെർലാൻഡ്‌സിന്റെ മണ്ണിൽ പൊരുതി നേടിയ ഈ വിജയം, ലോകകപ്പ് ദുരന്തത്തിന് ശേഷം ജർമൻ ഫുട്ബോളിൽ സീനിയർ താരങ്ങളെ ഒഴിവാക്കി യുവ താരങ്ങളെ അണിനിരത്തി പുതിയ വിപ്ലവം കുറിച്ച കോച്ച് ജോ കിം ലോയുടെ പദ്ധതികൾക്കു ശക്തി പകരുന്നതാണ്.

Leave a comment