Foot Ball Top News

ബ്രസീലിനെ കെട്ടിപ്പൂട്ടി പനാമ

March 24, 2019

ബ്രസീലിനെ കെട്ടിപ്പൂട്ടി പനാമ

ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിനെ പനാമ സമനിലയിൽ തളച്ചു. കളിയുടെ ആദ്യപകുതിയിൽഇരു ടീമുകളും ഓരോ ഗോൾ അടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. അക്ഷരാർഥത്തിൽ മികച്ച കളി പുറത്തെടുത്ത ബ്രസീലിനെ പനാമ താരങ്ങൾ പ്രതിരോധക്കോട്ട കെട്ടി വിജയത്തോളം പോന്ന സമനില പിടിച്ചെടുക്കുകയായിരുന്നു. ആദ്യപകുതിയിൽ തന്നെ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി ഇടവേളക്ക് പിരിഞ്ഞു. ബ്രസീലിന് വേണ്ടി ലൂക്കാസ് പെക്വിറ്റയും പനാമക്ക് വേണ്ടി മെച്ചാഡോയുമാണ് ഗോൾ നേടിയത് താരതമ്യേന ദുർബലരായ പനാമക്കെതിരെ കൂടുതൽ ഗോൾ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളുകൾ നേടാൻ കഴിയാതെ പോയത് ബ്രസീലിന് തിരിച്ചടിയാവുകയായിരുന്നു.


യുവതാരങ്ങൾക്ക് മുൻ തൂക്കം കൊടുത്താണ് ടിറ്റെ ആദ്യഇലവൻ ഇറക്കിയത്. പെക്വിറ്റ, ടെല്ലസ്, മിലീറ്റാവോ, ഫാഗ്നർ, റീചാർലീസൺ എന്നിവർ ആദ്യഇലവനിൽ ഇടം പിടിച്ചു. ബ്രസീൽ തന്നെയാണ് മത്സരത്തിൽ ആക്രമണത്തിന് ആദ്യം തുനിഞത്. റീചാർളീസണും ഫിർമിഞ്ഞോയും ആക്രമണങ്ങൾ മെനഞ്ഞെടുത്തു. ആർതറിന്റെ തുടർച്ചയായ രണ്ട് ഷോട്ടുകൾ ലക്ഷ്യം കാണാതെ പോയി. മുപ്പത്തിരണ്ടാം മിനിറ്റിൽ പെക്വിറ്റയാണ് ബ്രസീലിന് വേണ്ടി വലകുലുക്കിയത്. ക്യാപ്റൻ കാസീമിറോയുടെ ക്രോസ് താരം വലക്കകത്താക്കുകയായിരുന്നു. ബ്രസീലിയൻ ജേഴ്സിയിലുള്ള താരത്തിന്റെ ആദ്യഗോളായിരുന്നു ഇത്. എന്നാൽ കൃത്യം 4 മിനിറ്റിനകം പനാമ തിരിച്ചടിച്ചു. ബ്രസീലിയൻ പ്രതിരോധനിരയുടെ അശ്രദ്ധയും അലസതയിൽ നിന്നുമാണ് ഗോൾ പിറന്നത്. ഡേവിസ് എടുത്ത ഫ്രീകിക്ക് മെച്ചാഡോ ഒരു ഹെഡറിലൂടെ വലയിലെത്തിച്ചു. ഓഫ്‌സൈഡ് കെണി ഒരുക്കിയ ബ്രസീലിയൻ താരങ്ങൾക്ക് പിഴക്കുകയായിരുന്നു. ആദ്യപകുതി അങ്ങനെ രണ്ട് ടീമും ഓരോ ഗോൾ നേടി പിരിയുകയായിരുന്നു.
രണ്ടാം പകുതിയിലും ബ്രസീലിന്റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. ബ്രസീൽ മധ്യനിര കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. മികച്ച ഡ്രിബിളിംഗുമായി റീചാർലീസൺ പനാമ പ്രതിരോധനിരയെ പലപ്പോഴും തലവേദന സൃഷ്ടിക്കുകയും വിറപ്പിക്കുകയും ചെയ്തു. ഒരു വേള കോർണർ കിക്കിന് തല വെച്ച ക്യാപ്റ്റൻ കാസീമിറോയുടെ ഹെഡർ ബാറിലിടിച്ചാണ് പുറത്തു പോയത് നിരാശയായി. ആക്രമണം കനപ്പിക്കുന്നതിന് വേണ്ടി ഗബ്രിയേൽ ജീസസിനെയും എവെർട്ടനെയും ടിറ്റേ കളത്തിലിറക്കി.പിന്നീടും ഗോളിന് വേണ്ടി ബ്രസീൽ ആക്രമണം കനപ്പിച്ചെങ്കിലും ഒന്നും പനാമ പ്രതിരോധത്തിന് മുന്നിൽ നടന്നില്ല. ബ്രസീൽ താരങ്ങൾ ഫിനിഷിങ്ങിൽ പരാജയപ്പെട്ടത് തിരിച്ചടിയാവുകയായിരുന്നു. കൂടാതെ പനാമ കീപ്പറുടെ മികച്ച പ്രകടനവും ബ്രസീലിന് തിരിച്ചടിയായി. കളി ജയിച്ചില്ലെങ്കിലും യുവതാരങ്ങൾ മികച്ച പ്രകടനം കാഴ്ച്ചവെച്ചത് ടിറ്റെക്ക് ഏറെആശ്വസിക്കാൻ ഇട നൽകുന്നതാണ്. നെയ്മറിന്റെ അഭാവത്തിൽ ബ്രസീലിന്റെ വിശ്വവിഖാതമായ പത്താം നമ്പർ ജേഴ്സിയണിഞ പെക്വിറ്റ അതിനോട് നീതി പുലർത്തുന്ന മികച്ച കളി കെട്ടഴിച്ചു..

Leave a comment