അന്താരാഷ്ട്ര സൗഹൃദ അട്ടിമറി : വെനിസ്വേല 3- അർജൻറീന 1
അർജൻറീനയുടെ ദുര്യോഗം തീരുന്നില്ല. മെസ്സി തിരിച്ചു വന്നിട്ടും അർജൻറീനയ്ക്ക് രക്ഷയില്ല. വെനസ്വേലയോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടു. പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിന് വേണ്ടി മിന്നും ഫോമിൽ കളിക്കുന്ന സോളമൻ റണ്ടോൺ ആണ് ആറാം മിനിറ്റിൽ വെനിസ്വേലക്ക് വേണ്ടി ആദ്യം വലകുലുക്കിയത്. ജോൺ മുറിലോ(44′) ജോസഫ് മാർട്ടിനസ്(75′) എന്നിവർ ചടങ്ങ് പൂർത്തിയാക്കി. അർജൻറീനയുടെ ആശ്വാസഗോൾ ലോട്ടറോ മാർട്ടിനസിൻറെ(59′) കാലുകളിൽ നിന്നായിരുന്നു.
എന്നത്തേയും പോലെ കളംനിറഞ്ഞു കളിച്ചിരുന്നെങ്കിലും ഗോൾ മാത്രം അർജൻറീനയ്ക്ക് അകന്നുനിന്നു. മെസ്സിയിൽ നിന്നും ആവശ്യത്തിലധികം സംഭാവനകൾ ഉണ്ടായിട്ടും അതൊന്നും ഗോളാക്കി മാറ്റാൻ ഉള്ള കഴിവ് മറ്റ് അർജൻറീന താരങ്ങൾക്ക് ഉണ്ടായിരുന്നില്ല. കഴിഞ്ഞ ആറ് മത്സരങ്ങളിൽ നിന്നും സ്വയം പിന്മാറി ഇരുന്ന മെസ്സി ഇത്തരമൊരു തിരിച്ചറിവ് ആഗ്രഹിച്ചതും അല്ല. മത്സരത്തിനിടെ പരിക്കുപറ്റിയ മെസ്സി അടുത്ത ചൊവ്വാഴ്ച മൊറോക്കോയും ആയി നടക്കുന്ന സൗഹൃദ മത്സരത്തിൽ നിന്നും വിട്ടു നിൽക്കും.
ലോകത്തെ എണ്ണം പറഞ്ഞ സ്ട്രൈക്കർമാർ പോക്കറ്റിൽ ഉണ്ടായിട്ടും അവരെയൊന്നും സ്വന്തം ടീമിലേക്ക് പരിഗണിക്കാത്ത കോച്ച് ലയണൽ സ്കോളനി അർജൻറീന ക്കായി എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. സെർജിയോ അഗ്വേറോ ഗോൺസാലോ ഹിഗ്വയിൻ മൗറോ ഇക്കാർഡി എന്നിവർ സ്ക്വാഡിൽ പോലും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്ന ഡിബാലയെ പകരക്കാരനായി പോലും ഉപയോഗിച്ചതും ഇല്ല. മെസ്സിയോട് ഒത്ത് കളിക്കാനുള്ള കഴിവ് ഇന്നലെ കളത്തിലിറങ്ങിയ അർജൻറീന താരങ്ങൾക്ക് ഇല്ലായിരുന്നു. ഒന്നുകിൽ കഴിവും സാമർത്ഥ്യവും കുറഞ്ഞ അവർ മെസ്സിയുടെ അത്ര ഉയർന്നുവരണം. അല്ലെങ്കിൽ അവരുടെ കഴിവിനൊത്ത് മെസ്സി താഴ്ന്ന ചെല്ലണം. ഇതു രണ്ടും നടക്കാത്തിടത്തോളം കാലം മെസ്സിക്ക് കളിക്കാൻ നല്ലത് ബാർസലോണ തന്നെയാണ്.