2013 …2015 …2017 … 2019 ൽ മുംബൈ ചരിത്രം ആവർത്തിക്കുമോ?
2013 മുതൽ ഒരു വർഷത്തെ ഇടവേളയിട്ട് മൂന്ന് തവണ ചാമ്പ്യന്മാരായവർ എന്ന ഖ്യാതി ഉള്ള ടീം ആണ് മുംബൈ ഇന്ത്യൻസ്. 2018 ൽ പ്ലേയ് ഓഫിന് യോഗ്യത നേടാതിരുന്ന മുംബൈ ഇത്തവണ ചരിത്രം ആവർത്തിക്കുമോ എന്ന ആകാംക്ഷയിലാണ് മുംബൈ ആരാധകർ. ഇത്തവണയും കൂടി കിരീടം സ്വന്തമാക്കാനായാൽ ഏറ്റവും കൂടുതൽ ഐപിഎൽ കിരീടം കരസ്ഥമാക്കിയവർ എന്ന റെക്കോർഡ് മുംബൈയുടെ പേരിൽ ആവും.
അന്താരാഷ്ട്ര തലത്തിലും ആഭ്യന്തര തലത്തിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ഒരു പറ്റം ഇന്ത്യൻ താരങ്ങൾ ഉണ്ട് എന്നുള്ളതാണ് മുംബൈ ഇന്ത്യൻസിനെ മറ്റു ടീമുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. രോഹിത് ശർമ്മ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, പാണ്ട്യ സഹോദരങ്ങൾ (ക്രുനാൽ, ഹർദിക്), യുവരാജ് സിംഗ്, അൻമോൽപ്രീത് സിംഗ് എന്നിവരാണ് മുംബൈ ഇന്ത്യൻസിന്റെ ഇന്ത്യൻ ബാറ്റിംഗ് കരുത്ത്. വിദേശ താരങ്ങളുടെ കാര്യത്തിലും മുംബൈ ബാറ്റിംഗ് നിര സമ്പന്നമാണ്. ബാംഗ്ലൂരിൽ നിന്നും മുംബൈയിലേക്ക് ചേക്കേറിയ ക്വിന്റൺ ഡി കോക്ക്, ആദ്യ സീസൺ മുതൽ മുംബൈയുടെ നട്ടെല്ലായി നിലകൊള്ളുന്ന കിറോൺ പൊള്ളാർഡ്, വെസ്റ്റ് ഇൻഡീസിന്റെ കൂറ്റനടിക്കാരൻ എവിൻ ലൂയിസ്, ഓസ്ട്രേലിയൻ ഓൾറൗണ്ടർ ബെൻ കട്ടിങ് എന്നിവരടങ്ങുന്ന വിദേശ താരങ്ങൾ ഏതൊരു ബൗളറുടെയും പേടി സ്വപ്നമാണ്.
ജസ്പ്രീത് ബുംറ നയിക്കുന്ന ബൗളിംഗ് നിരയിൽ ലസിത് മലിംഗ, ജേസൺ ബെഹെൻഡ്രോഫ്, മായങ്ക് മാർകണ്ഡേ, മിച്ചൽ മക്നലീഗിൻ, ആദം മിൽനെ എന്നീ ലോകോത്തര കളിക്കാർ ഉണ്ടെന്നത് മുംബൈ ഇന്ത്യൻസിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
കഴിഞ്ഞ സീസണിൽ വരുത്തി വെച്ച ചില പാകപ്പിഴകൾ തിരുത്തി പുതിയ തന്ത്രങ്ങളുമായാണ് മുംബൈയുടെ വരവ്. കഴിഞ്ഞ വർഷം തുടർച്ചയായ പരാജയങ്ങളുടെ പേരിൽ സ്വയം മധ്യനിരയിലേക്ക് ഇറങ്ങിക്കളിച്ച രോഹിത് ശർമ്മ ഇക്കുറി ഓപ്പണർ ആയാണ് ഇറങ്ങുന്നത് എന്ന് അദ്ദേഹം അടുത്തിടെ മാധ്യമങ്ങളോട് പറയുകയുണ്ടായി. മധ്യനിരയിൽ യുവരാജ് സിങിന്റെ സാന്നിധ്യം ആണ് രോഹിത് ശർമയ്ക്ക് ആത്മവിശ്വാസം നൽകുന്നത്. ലോകകപ്പിനോടടുക്കുമ്പോൾ ലോക ഒന്നാം നമ്പർ ബൗളർ ആയ ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിക്കണമെന്ന ആവശ്യം ഉയർന്നു വരുന്നതിനാൽ അദ്ദേഹത്തിന് അവസാന മത്സരങ്ങളിൽ കളിക്കാനായേക്കില്ല എന്നത് മുംബൈ ക്യാമ്പിനെ അസ്വസ്ഥമാക്കിയേക്കും. എന്നിരുന്നാലും ചാമ്പ്യന്മാരാകാനുള്ള എല്ലാ ചേരുവകകളും ഇക്കുറി തങ്ങൾക്കുണ്ടെന്ന കടുത്ത വിശ്വാസത്തിലാണ് മുംബൈ ആരാധകരും ടീം അധികൃതരും.
Bibins
De Kock, Ishan and Rohit will give a good start. But middle order is still a problem. Mumbai really misses Ambati Rayidu. Pace bowling department is really awesome.