IPL Top News

പ്ലെയർ ടു വാച്ച്: ക്വിന്റൺ ഡി കോക് (മുംബൈ ഇന്ത്യൻസ്)

March 22, 2019

author:

പ്ലെയർ ടു വാച്ച്: ക്വിന്റൺ ഡി കോക് (മുംബൈ ഇന്ത്യൻസ്)

2018ലെ IPL സീസണിൽ മുംബൈയുടെ പുറത്താകലിനു ഒരു പരിധി വരെ കാരണം ബാറ്റിംഗ് നിരയുടെ സ്ഥിരതയില്ലായ്മ ആയിരുന്നു. സീസണിലുടനീളം ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിംഗ് ഓർഡറിൽ താഴേക്കിറങ്ങി നടത്തിയ പരീക്ഷണം ക്ലിക്ക് ആകാത്തതും , പലപ്പോഴും ഓപ്പണർമാരുടെ മെല്ലെപ്പോക്കും, മികച്ച തുടക്കം കിട്ടുമ്പോളും മധ്യനിരയുടെ തകര്‍ച്ച ടീമിനെ  കൂറ്റൻ സ്കോർ നേടുന്നതില്‍ നിന്നും പിന്നോട്ടടിക്കുന്നതുമൊക്ക  സീസണിലെ പതിവു കാഴ്ചകളായിരുന്നു. എന്നാൽ ഇത്തവണ അതിനു പരിഹാരമാണ് 2.8കോടി രൂപയ്ക്കു ആർസിബിയിൽ നിന്നും ട്രാൻസ്ഫെറിൽ മുംബൈ സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കൻ ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റൺ ഡി കോക്ക്.

2019ൽ ശ്രീലങ്കക്കെതിരെ  4 ഏകദിനങ്ങളിൽ തുടർച്ചയായ ഫിഫ്‌റ്റികളും സെഞ്ചുറിയും നേടിയ ഡി കോക്ക് മികച്ച ഫോമിലാണ്. സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ഏകദിനത്തിൽ ഓപ്പണറായും ടെസ്റ്റ്‌ മാച്ചിൽ ഗിൽക്രിസ്റ്റിനെ അനുസ്മരിപ്പിക്കും വിധം ലോവർ ഓര്‍ഡറില്‍ ഇറങ്ങി ആക്രമണാത്മാക ബാറ്റിംഗ് കാഴ്ച വയ്ക്കുന്ന താരം, മുംബൈയെ സംബന്ധിച്ചു  വലിയ മുതല്‍ക്കൂട്ടാണ്. ഓപ്പണിംഗ് സ്ലോട്ടിൽ രോഹിതിനൊപ്പം തകർത്തടിക്കുവാനോ അല്ലെങ്കിൽ ആറാം നമ്പറിൽ ഇറങ്ങി വാലറ്റക്കാരെ കൂട്ടുനിർത്തി അനായാസം സ്കോർ ഉയർത്താനോ കഴിവുള്ള ഡി കോക്കിന്റെ സാന്നിധ്യം മുംബൈ ടീമിന്റെ ബാറ്റിംഗ് നിരയെ ശക്‌തമാക്കും.

കഴിഞ്ഞ സീസണിൽ ഓപ്പണിങ്ങിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ച വിൻഡീസ് താരം എവിൻ ലീവിസായിരിക്കും രോഹിതിനൊപ്പം ഇത്തവണ ഇറങ്ങാൻ സാധ്യത എന്നതിനാൽ ആദ്യ മത്സരങ്ങളിൽ ഡി കോക്കിനെ മധ്യ നിരയിൽ പരീക്ഷിക്കാനാണ് കൂടുതൽ സാധ്യത. IPLൽ 34 മത്സരങ്ങളിൽ 130 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ 28 ശരാശരിയിൽ 927റൺസാണ് ഡി കോക്കിന്റെ സമ്പാദ്യം.
Leave a comment