Tennis Top News

ഇന്ത്യൻ വെൽസ് സെമിഫൈനൽ –  ഫെഡറർ vs നദാൽ

March 16, 2019

author:

ഇന്ത്യൻ വെൽസ് സെമിഫൈനൽ –  ഫെഡറർ vs നദാൽ

ടെന്നിസ് പ്രേമികൾ കണ്ണുമിഴിച്ച് കാത്തിരിക്കുന്ന ഒരു മത്സരം ഇന്നുണ്ട്.  ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സ് ടൂർണ്ണമെൻറ് സെമിഫൈനലിൽ ഇതിഹാസ താരങ്ങളായ റോജർ ഫെഡററും റാഫേൽ നദാലും ഏറ്റുമുട്ടുന്നു.  ഇരുവരും തമ്മിലുള്ള 39 ആമത്തെ പോരാട്ടമാണ് ഒരുപക്ഷേ അവസാനത്തേതും.  2017 ഷാങ്ഹായ് മാസ്റ്റേഴ്സ് ഫൈനലിൽ ആണ് അവസാനമായി ഇരുവരും ഏറ്റുമുട്ടിയത്.  അന്ന് 6-4 6-3 എന്ന നിലയിൽ വിജയം ഫെഡറർ കൈപ്പിടിയിലൊതുക്കി.

 

 ഒന്നര വർഷത്തിനിപ്പുറം മറ്റൊരു ഐതിഹാസിക പോരാട്ടത്തിന് കളമൊരുങ്ങുമ്പോൾ പ്രായം രണ്ടുപേരെയും തളർത്തി തുടങ്ങിയിരിക്കുന്നു.  മുപ്പത്തിയേഴാം വയസ്സിൽ എത്തിനിൽക്കുന്നു ഫെഡറർ,  മുപ്പത്തിമൂന്നാം വയസ്സിൽ എത്തിയിരിക്കുന്നു നദാലും.  ഒന്നര പതിറ്റാണ്ടോളം രണ്ടുപേരും ടെന്നീസ് ലോകം അടക്കിവാണു. അവരുടെ പരസ്പരമുള്ള ഏറ്റുമുട്ടൽ കണക്കിലൂടെ ഒന്ന് കടന്നു പോകാം.

 

 കണക്കുകളും കളിയുടെ അഴകും വെച്ചുനോക്കുമ്പോൾ ഫെഡറർ ലോകത്തെ ഏറ്റവും മഹാനായ ടെന്നിസ് കളിക്കാരൻ ആയിരിക്കാം.  എന്നിരുന്നാലും ഫെഡറർ നദാൽ പോരാട്ടത്തിൽ നാലിനാണ് വ്യക്തമായ മുൻതൂക്കം.  38 തവണ അവർ പരസ്പരം ഏറ്റുമുട്ടിയപ്പോൾ വിജയം 23 തവണയും നദാലിന് ഒപ്പം നിന്നു

 

 ഔട്ട്ഡോർ  ഹാർഡ് കോർട്ടിൽ നദാൽ ആണ് ഫെഡറർ നേക്കാൾ മിടുക്കൻ.  എന്നിരുന്നാലും ഫെഡറർ ഒട്ടും പിന്നിലല്ല.  ഇരുവരും തമ്മിലുള്ള പോരാട്ടങ്ങളിൽ ഇൻഡോർ ഹാർഡ് കോർട്ട് പോലെയോ ക്ലേ കോർട്ട് പോലെയോ വ്യക്തമായ ഒരു മുൻതൂക്കം ഇല്ലാത്ത ഒരു  പോരാട്ട കളമാണ് ഔട്ട്ഡോർ ഹാർഡ് കോർട്ട്.  എട്ടുതവണ നദാലും ആറുതവണ ഫെഡററും ഈ കോർട്ടുകളിൽ ജയിച്ചിട്ടുണ്ട്.

 

ഏറ്റവും കൂടുതൽ മാസ്റ്റേഴ്സ് 1000 ടൈറ്റിൽ കൈവശം വച്ചിരിക്കുന്നത് നദാൽ ആണ്, 33. ഫെഡറർ പിന്നെയും ആറു പട്ടങ്ങൾ കുറവാണ് വാങ്ങിയിരിക്കുന്നത്.

 

   ഈ ടൂർണ്ണമെൻറ് ഇതുവരെ ഒരു സെറ്റ് പോലും കൈവിടാതെയാണ് ഇരുവരും സെമിഫൈനൽ വരെ എത്തിയത്.  തന്റെ കരിയറിലെ നൂറാം കിരീടം ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ നേടിയ ഫെഡറർ ആ ഫോം തുടരുകയാണെങ്കിൽ നദാലിന് ശരിക്കും വെള്ളം കുടിക്കേണ്ടി വരും.  എന്നിരുന്നാലും ഫെഡറർനോട് കളിക്കുമ്പോൾ മാത്രം എവിടെ നിന്നു വരുന്ന ആ അസാമാന്യ ഇച്ഛാശക്തി നദാൽ പ്രകടിപ്പിച്ചാൽ അദ്ദേഹത്തിന് വീണ്ടും ഒരു വിജയം ഉറപ്പിക്കാം.  ഇപ്പോൾ യഥാക്രമം ലോക നാലാം നമ്പർ രണ്ട് നമ്പറും ആണ് ഫെഡററും നദാലും.  എന്നാലും ടെന്നീസിനെ സ്നേഹിക്കുന്നവരുടെ ഉള്ളിൽ അവർ എന്നും ഒന്നും രണ്ടും സ്ഥാനത്താണ്.  ഒരുപക്ഷേ ടെന്നീസ് ചരിത്രത്തിലെ ഏറ്റവും മഹത്തരമായ ശത്രുതയുടെ അവസാനപോരാട്ടം ആകും എന്ന് കാലിഫോർണിയയിലെ ഇന്ത്യൻ വെൽസ് ടെന്നീസ് ഗാർഡനിൽ നടക്കാൻ പോകുന്നത്.
Leave a comment