ഒരു ചാമ്പ്യൻസ് ലീഗ് അപാരത
ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം കഴിഞ്ഞാൽ ഇംഗ്ലീഷ് ക്ലബ്ബുകൾ ഏറ്റവും കൂടുതൽ പോരാടുന്നത് എഫ് എ കപ്പിനോ കമ്മ്യൂണിറ്റി ഷീൽഡിനോ വേണ്ടിയല്ല. അത് അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗ് സ്പോട്ടിന് വേണ്ടിയാണ്. രസകരമായ വസ്തുത എന്തെന്നുവെച്ചാൽ ഈ പി ൽ ഇൽ നിന്നുള്ള അവസാന ചാമ്പ്യൻസ് ലീഗ് സ്പോട്ടിന് വേണ്ടി വളരെ വലിയൊരു മത്സരം തന്നെ നടക്കുന്നുണ്ട്. ഈ ആഴ്ചയിലെ കളികൾ കഴിയുന്നതോടെ മത്സരം കുറച്ചുകൂടി ആവേശകരമായി. എന്തെന്നാൽ ഇപ്പോൾ പറയുകയാണെങ്കിൽ ഒന്നല്ല രണ്ട് സ്പോട്ടുകൾ തുറന്ന് കിട്ടിയിരിക്കുന്നു. എല്ലാ നന്ദിയും ടോട്ടൻഹാമിന്റെ തുടർച്ചയായ പരാജയങ്ങൾക്കാണ്.

ഇങ്ങനെയാണ് EPL ടേബിൾ ഇപ്പോൾ ഇരിക്കുന്നത്. മൂന്നാം സ്ഥാനത്ത് ഇരിക്കുന്ന ടോട്ടൻഹാമിനും ആറാം സ്ഥാനത്ത് ഇരിക്കുന്ന ചെൽസിക്കും തമ്മിൽ 4 പോയിന്റിന്റെ വ്യത്യാസം മാത്രം. എന്നാൽ ചെൽസി മറ്റുള്ളവരെ അപേക്ഷിച്ച് ഒരു കളി കുറച്ച് കളിച്ചിട്ടുള്ളൂ. ഫലത്തിൽ ഈ 4 സ്ഥാനങ്ങളും തമ്മിൽ 3 പോയിന്റിന്റെ വ്യത്യാസമേ ഉള്ളൂ.
സതാപ്ടണോട് തോറ്റതാണ് സ്പർസിന് (ടോട്ടൻഹാം ഹോട്സ്പർ) പണിയായത്. കൂടാതെ ചെൽസി ഇന്ന് വൂൾവ്സ്നോട്(വൂൾവ്ഹാമ്ടൺ വാൺടറേർസ്) സമനില വഴങ്ങുകയും ചെയ്തു. ഒടുക്കം ആർസെനൽ യുണൈറ്റഡിനെ തോൽപ്പിച്ചതോടു കൂടി അവസാന രണ്ട് ചാമ്പ്യൻസ് ലീഗ് സ്പോട്ടിന് വേണ്ടിയുള്ള മത്സരം മരണക്കളി ആകുമെന്നാണ് തോന്നുന്നത്.
ബാക്കിയുള്ള ഫിക്സ്റ്റർ നോക്കുമ്പോൾ ആർസനലിന് ഒന്ന് ശ്വാസം വിടാനുള്ള വകുപ്പുണ്ട്. ടോപ് സിക്സിൽ ആരുമായി ഇനി ആർസനലിന് കളി ബാക്കിയില്ല. എന്നാൽ യുനൈറ്റഡിനും ചെൽസിക്കും പരസ്പരം ഒരു കളി ബാക്കിയുണ്ട്. “ലാസ്റ്റ് മാൻ സ്റ്റാൻഡിങ്” എന്ന് വിശേഷിപ്പിക്കാവുന്ന പോലൊരു മത്സരം. അതു പോരാഞ്ഞ് ചെൽസിക്ക് ലിവർപൂൾമായും യുണൈറ്റഡിന് മഞ്ചസ്റ്റർ സിറ്റിയുമായും മത്സരമുണ്ട്. ടോട്ടൻഹാമിന്റെ അവസ്ഥയും വിഭിന്നമല്ല. ലിവർപൂൾമായും മാഞ്ചസ്റ്റർ സിറ്റിയുമായും അവർക്ക് കളികളുണ്ട്.
കണക്കിലെ കളി നോക്കുമ്പോൾ ഇവരിൽ ആർസനലിന് ആണ് മുൻതൂക്കം. ഇനി കളത്തിലെ കളി കണ്ടറിയാം.