Foot Ball Top News

വാന്‍ ഡൈക്ക് വഴിയിൽ വിരിയുന്ന ലിവർപൂൾ

March 7, 2019

വാന്‍ ഡൈക്ക് വഴിയിൽ വിരിയുന്ന ലിവർപൂൾ

എന്തുകൊണ്ടാണ് പ്രിമിയര്‍ ലീഗ് ചരിത്രത്തിലെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന കൈമാറ്റമായി ലിവര്‍പൂളിലെ വിര്‍ജിന്‍ വാന്‍ഡൈക്കിന്റേത് കണക്കാക്കപ്പെടുന്നത്?

ചില കളിക്കാര്‍ തങ്ങളുടെ ടീമിന്റെ സൗഭാഗ്യങ്ങളെ ഒറ്റയ്ക്ക് ചുമലിലേറ്റാന്‍മാത്രം സ്വാധീനമുള്ളവരാണ്. അതിന് ഉത്തമ ഉദാഹരണമാണ് വാന്‍ ഡൈക്ക്. മികച്ച ഫോമില്‍ തുടരുന്ന വാന്‍ ഡൈക്കിനെ ലോകത്തെ ഏറ്റവും മികച്ച ഡീഫന്‍ഡറായാണ് ഫുട്‌ബോള്‍ ലോകം കണക്കാക്കുന്നത്.

ഇംഗ്ലിഷ് പ്രിമിയര്‍ ലീഗിന്റെ ഡിസംബറിലെ മികച്ച താരമായി വാന്‍ ഡൈക്കിനെയാണ് തിരഞ്ഞെടുത്ത്. ആറ് വര്‍ഷത്തിനിടയില്‍ ആദ്യമാണ് പ്രതിരോധനിരയില്‍നിന്നും ഒരാള്‍ തിരഞ്ഞെടുക്കപ്പെടുന്നത്. പ്രൊഫഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ മികച്ച താരമാകാനും വിദഗ്ധര്‍ സാധ്യത കല്‍പ്പിക്കുന്നുണ്ട്.

1992-ന് ശേഷം മറ്റൊരു കളിക്കാരനും ലിവര്‍പൂളിന്റെ പ്രതാപത്തിന് ഇത്രകണ്ട് നിര്‍ണ്ണായകഘടകമായിട്ടില്ല.

എതിരില്ലാത്ത കളിമികവ്

സൗത്താംപ്റ്റണില്‍നിന്നും ലിവര്‍പൂളിലെത്തിയേഷം എത്രമാത്രം മികവുപുലര്‍ത്തുന്നുണ്ട വാന്‍ ഡൈക്ക് എന്നതിന് തെളിവാണ് കൈമാറ്റ തുകയായിരുന്ന 75 മില്യണ്‍ യൂറോയെ കളിയാക്കിയിരുന്നവരുടെ ഇപ്പോഴത്തെ പ്രതികരണം. സൂചി വീണാല്‍ കേള്‍ക്കാവുന്നത്ര നിശബ്ദത പുലര്‍ത്തുകയാണവര്‍

വാന്‍ ഡൈക്ക് ചരിത്രത്തിലെ ഏറ്റവും വിലകൂടിയ സെന്റര്‍ബാക്കായി മാറിയപ്പോള്‍ വിലക്കൂടുതല്‍ എന്ന മുറവിളിയുയര്‍ത്താന്‍ പലര്‍ക്കും എളുപ്പമായിരുന്നു. തന്റെ വിലയുയര്‍ത്തുന്ന സമ്മര്‍ദ്ദത്തെ ഡച്ചുകാരന്‍ അതിജീവിക്കില്ലെന്നും വിലയിരുത്തലുകളുണ്ടായി.

എന്തുകൊണ്ടാണ് തന്റെ സേവനങ്ങള്‍ക്കായി ലീവര്‍പൂള്‍ ഇത്ര ഭീമമായ തുകമുടക്കിയതെന്ന് ചാഞ്ചാട്ടമില്ലാത്ത തന്റെ കേളീശൈലിയിലൂടെ വാന്‍ ഡൈക്ക് മറുപടി നല്‍കിക്കഴിഞ്ഞു.

എവര്‍ട്ടണിനെതിരെ നേടിയ അവിസ്മരണീയ വിജയത്തിലൂടെ അരങ്ങേറിയ വാന്‍ ഡൈക്ക് ലിവര്‍പൂളിന്റെ ദുര്‍ബ്ബലമായ പ്രതിരോധനിരയെ ഈ സീസണില്‍ 22 കളികളില്‍നിന്നും 10 ഗോള്‍ മാത്രം വഴങ്ങിയ മികച്ച നിരയാക്കി മാറ്റിമറിച്ചു.

താന്‍ കളിച്ച ആദ്യ 50 മത്സരങ്ങളില്‍ 33 വിജയം നേടാന്‍ ടീമിനായി എന്നത് വാന്‍ ഡൈക്കിന്റെ മികവിന് അടിവരയിടുന്നു. ഇക്കാര്യത്തിന്‍ വാന്‍ ഡൈക്കിന് മുന്‍പിലുള്ളത് ക്രെയ്ഗ് ജോണ്‍സന്‍ (37), പീറ്റര്‍ ബിയേര്‍ഡ്‌സ്‌ലി(35), റോണി വെലാന്‍ (34), ഇയാന്‍ റഷ് (34) എന്നിവര്‍ മാത്രമാണ്. ഈ 50 മല്‍സരങ്ങളില്‍ 24-ലും ലിവര്‍പൂള്‍ ഗോളൊന്നും വഴങ്ങിയില്ലെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

അവിശ്വസനീയമെന്നു പറയട്ടെ, ചാംപ്യന്‍സ് ലീഗിലോ പ്രിമിയര്‍ ലീഗിലോ ഒരു കളിക്കാരനുപോലും വാന്‍ ഡൈക്കിനെ വെട്ടിച്ചു മുന്നേറാന്‍ ഈ സീസണില്‍ സാധിച്ചിട്ടില്ല.

ലിവര്‍പൂളിലെ ഒരു താരവും ഇന്നേവരെ, ഇത്രയും ചെറിയ കാലയളവില്‍, ഇത്രമാത്രം മികവ് പ്രകടിപ്പിച്ചിട്ടില്ല എന്നത് അതിശയോക്തിയായി തോന്നിയേക്കാം.

കെന്നി ഡാല്‍ഗിഷ്, ജോണ്‍ ബാണ്‍സ്, ഗ്രെയം സൗനസ് തുടങ്ങിയ പ്രതിഭകളെ അവഗണിച്ചുകൊണ്ട് ഇത്തരമൊരു പ്രസ്താവന അനൗചിത്യമാകാമെങ്കിലും പ്രതിരോധത്തിന്റെ കാര്യം മാത്രമാണ് പരിഗണിക്കുന്നതെങ്കില്‍, വാന്‍ ഡൈക്കിന് മുന്‍പുണ്ടായിരുന്ന ലിവര്‍പൂള്‍ പ്രതിരോധനിര തികച്ചും ദയനീയമായിരുന്നു എന്നത് വസ്തുത തന്നെയാണ്

ടീമിലെ മറ്റ് കളിക്കാരെ വിലകുറച്ചു കാണുകയല്ല, പ്രത്യേകിച്ചും മുഹമ്മദ് സാലയുടെ വരവിനെ. പക്ഷേ ഈ 27 കാരന്‍ താരതമ്യങ്ങള്‍ക്ക് അതീതനാണ്.

മഹാന്‍മാരായ കളിക്കാരെപ്പോലെ വാന്‍ ഡൗക്കും തന്റെ ചുറ്റും കളിക്കുന്നവരുടെ കളിമികവിനെ ഉയര്‍ത്തുന്നുണ്ട്. അത് സെന്റര്‍ ബാക്കില്‍ തന്റെ പങ്കാളികളായ ജോ ഗോമസും ഡിജാന്‍ ലോവ്രേനുമാകട്ടെ അല്ലെങ്കില്‍ മധ്യനിരയിലെ ജോര്‍ഡാന്‍ ഹെന്‍ഡേഴ്‌സനും ജിനി വൈനാല്‍ഡുമാകട്ടെ.

സ്റ്റീവന്‍ ജെറാര്‍ഡ് തന്റെ മികവിന്റെ പാരമ്യത്തില്‍ ലൂയി സുവാരസില്‍ വിശ്വാസമര്‍പ്പിച്ചതുപോലെ വാന്‍ ഡൈക്കും തന്റെ കൂടെയുള്ളവരെ പൂര്‍ണ്ണമായും വിശ്വസിക്കുന്നു.

ലൂയി സുവാരസായിരുന്നു ലിവര്‍പൂളിലെ ഏറ്റവും പ്രധാന സാന്നിധ്യമായിരുന്നതെന്ന് പലരും ചൂണ്ടിക്കാണിക്കാറുണ്ട്. അല്ലെങ്കില്‍ വന്നയുടന്‍തന്നെ സാന്നിധ്യമറിയിച്ച സാമി ഹിപിയ യെയും സാബി അലോണ്‍യെയും ഫെര്‍ണാന്‍ഡോ ടോറസിനെയും പോലുള്ളവര്‍. പക്ഷേ ഇവരാരും തന്നെ വാന്‍ ഡൈക്കിനെപ്പോലെ ടീമിനെ ഇത്രയധികം ഉയര്‍ത്തിയിട്ടില്ല.

പരിപൂര്‍ണ്ണനായ ഡിഫന്‍ഡറാണ് വാന്‍ ഡൈക്ക്. ആരെ വേണമെങ്കിലും തളയ്ക്കാന്‍ അയാള്‍ക്ക് സാധിക്കും. അഡാമ ട്രയോറിനെപ്പോലും വേഗതയില്‍ മറികടക്കും. അലന്‍ ഹാന്‍സനെപ്പോലെ വൈദഗ്ധ്യമാര്‍ന്ന പന്തടക്കത്തിനുടമ. ഹിപ്പിയയുടേതു പോലുള്ള നേതൃത്വമികവ്.

ബിബിസി റേഡിയോ 5-ല്‍ ട്രോയ് ഡീനി വാന്‍ ഡൈക്കിന്റെ കഴിവുകളെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്:
‘ഞാനിതു പലതവണ പറഞ്ഞിട്ടുള്ളതാണ്. ഞാനയാളെ(വാന്‍ ഡൈക്ക്) വെറുക്കുന്നു. അയാള്‍ക്കെതിരെ കളിക്കുന്നതിനെ ഞാന്‍ വെറുക്കുന്നു. അയാള്‍ അതികായനും ശക്തനുമാണ്. പോരാട്ടത്തെ ഇഷ്ടപ്പെടുന്ന അയാള്‍ വളരെ വേഗമേറിയവനും പന്തടക്കമുള്ളയാളുമാണ്’

തന്റെ കഴിവിന്റെ പാരമ്യത്തിലെത്തി നില്‍ക്കുന്ന അതികായനായ ഫുട്‌ബോളറാണ് വാന്‍ ഡൈക്ക്. തന്നെക്കുറിച്ചുളള പ്രശംസാവചനങ്ങളെല്ലാം അയാള്‍ അര്‍ഹിക്കുന്നവതന്നെയാണ്.

മഹാരഥന്‍മാരോട് കിടപിടിക്കുന്ന കളിക്കാരന്‍

തികച്ചും വ്യത്യസ്തരായ കളിക്കാരാണെങ്കില്‍ത്തന്നെയും എറിക് കാന്റോണ എന്തായിരുന്നുവോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്, അങ്ങനെ തന്നെയാണ് വാന്‍ ഡൈക്ക് ലിവര്‍പൂളിനും.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉത്‌പ്രേരകമായിരുന്നു എറിക് കാന്റോണ. തന്റെ പ്രഭാവലയവും ആത്മസമര്‍പ്പണവും കൊണ്ട് ടീമിന് അദ്ദേഹം നേട്ടങ്ങള്‍ നല്‍കുകയും ചെറുപ്പക്കാരുടെ മുന്‍പില്‍ മാതൃകയായി നിലകൊള്ളുകയും ചെയ്തു.

കാന്റോണയുടേതു പോലുള്ള വ്യക്തിത്വമാണ് വാന്‍ ഡൈക്കിന്റെയും. ടീമിനോട് പൂര്‍ണ്ണമായും ഒത്തിണങ്ങിക്കലിക്കുന്ന വാന്‍ ഡൈക്ക്, വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക്് മാതൃകയാവുന്ന കളിക്കാരനാണ്.

സ്വാഭാവിക നേതൃത്വപാടവം പുലര്‍ത്തുന്ന വാന്‍ ഡൈക്ക് തന്റെ സഹകളിക്കാരില്‍നിന്നും ഉയര്‍ന്ന നിലവാരത്തിലുള്ള കളിമികവാണ് പ്രതീക്ഷിക്കുന്നത്. പരിപൂര്‍ണ്ണത എന്നതില്‍ക്കവിഞ്ഞ് മറ്റൊന്നും അയാളുടെ നിഘണ്ടുവിലില്ല. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ വളര്‍ന്നു പാകപ്പെട്ട വിന്‍സന്റ് കോംപനിയും ഇതേ പ്രകടനം വാഴ്ചവെച്ചയാളാണ്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയങ്ങള്‍ക്കു പിന്നില്‍ കോംപനി വലിയ പങ്കാണ് വഹിച്ചത്. റോയി കീന്‍, പാട്രിക് വിയേറ എന്നിവരും ഇക്കൂട്ടത്തില്‍പ്പെടും. എതിരാളികളുടെ ബഹുമാനം നേടിയ ഇവര്‍ തങ്ങളുടെ ടീമിന്റെ ദീര്‍ഘകാലത്തെ ആധിപത്യം അരക്കിട്ടുറപ്പിച്ചവരാണ്.

ആറാം യൂറോപ്യന്‍ ചാംപ്യന്‍സ് കിരീടം നേടാന്‍ സാധിച്ചാല്‍ ലിവര്‍പൂളിന് തങ്ങളുടെ യശസ്സ് വര്‍ധിപ്പിക്കാം. അതിന് സാധിക്കുമെങ്കില്‍ വാന്‍ ഡൈക്കിന് അഭിമാനിക്കാം.

ലിവര്‍പൂളിന്റെ കിരീടമോഹങ്ങളില്‍ സുപ്രധാനമായ ഘടകം

തങ്ങളുടെ ടീമിന്റെ താരങ്ങളില്‍ പരിക്കേല്‍ക്കരുതെന്ന് ആരാധകര്‍ അതിയായി ആഗ്രഹിക്കുന്ന ഒരാള്‍ വാന്‍ ഡൈക്കല്ലാതെ മറ്റാരുമല്ല. തന്റെ സഹകളിക്കാരെ ടീമിനോടൊപ്പം ഒട്ടിച്ചുചേര്‍ക്കുന്ന പശയാണ് അയാള്‍. ഗോള്‍ വലയം കാക്കുന്ന അലിസണും ആന്‍ഡി റോബര്‍ട്ട്‌സണിന്റെ അലിവില്ലാത്ത പ്രകൃതവും ഗോബര്‍ട്ടോ ഫേമിനോയുടെ സൂക്ഷ്മത നിറഞ്ഞ പ്രതിഭയും സാലായുടെ നിരാര്‍ദ്രമായ കേളീമികവുമെല്ലാം പരിഗണിക്കത്തന്നെ വാന്‍ ഡൈക്കിന്റെ അഭാവം നല്‍കുന്ന വിനാശകരമായ ആഘാതം താങ്ങാന്‍ ലിവര്‍പൂളിനാകില്ല എന്ന് നിസംശയം പറയാന്‍ സാധിക്കും. എന്നിക്കിലും ലിവര്‍പൂളിന്റെ മുന്‍ വീരനായകരോടൊപ്പം തന്റെ പേര് നിലനില്‍ക്കണമെങ്കില്‍ വാന്‍ ഡൈക്ക് കിരീടങ്ങള്‍ നേടിയേ തീരൂ. കീരീടങ്ങളില്ലാതെ ഈ സീസണ്‍ അവസാനിപ്പിക്കുന്നത് വാന്‍ ഡൈക്കിനും ലിവര്‍പൂളിനും താങ്ങാന്‍ സാധിക്കില്ല.

വിജയഗാഥകളില്‍ പലപ്പോഴും വിസ്മരിക്കപ്പെടുന്നവരാണ് പ്രതിരോധനിരക്കാരെങ്കിലും വാന്‍ ഡൈക്കിന്റെ കാര്യത്തില്‍ അതല്ല അവസ്ഥ. വാന്‍ ഡൈക്ക് പുലര്‍ത്തുന്ന സ്ഥിരതയാണ് അതിനു കാരണം.

ആരാണ് പറഞ്ഞത് 75 മില്യന്‍ ഡോളര്‍ അധികമായിപ്പോയെന്ന്? വാന്‍ ഡൈക്ക് അതിനിരട്ടിക്ക് അര്‍ഹനാണ്.

Leave a comment

Your email address will not be published. Required fields are marked *