ട്രാവീസ് ഹേഡിനെ മുന്‍ നിര്‍ത്തി ഇന്ത്യന്‍ ടീമിനെ കളിയാക്കി മൈക്കല്‍ വോണ്‍
ബോർഡർ – ഗാവസ്കർ ട്രോഫിയിലെ തുടർച്ചയായ രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ് സെഞ്ചറി നേടിയതിനു പിന്നാലെ, ഇന്ത്യൻ ടീമിനെ പരിഹസിച്ച് ഇംഗ്ലണ്ടിന്റെ മുൻ താരം മൈക്കൽ വോൺ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് വോൻ ഇന്ത്യൻ ടീമിനെ പരിഹസിച്ചത്. ‘ഒടുവിൽ ട്രാവിസ് ഹെഡിനെ നിശബ്ദനാക്കാൻ പറ്റിയ ഗ്രൗണ്ട് ഇന്ത്യ കണ്ടെത്തിയിരിക്കുന്നു’ എന്ന കുറിപ്പോടെ, കനത്ത മഴയത്ത് മൂടിയിട്ടിരിക്കുന്ന ഗ്രൗണ്ടിന്റെ ചിത്രമാണ് വോൺ പങ്കുവച്ചത്.
ഇതിനു പിന്നാലെ, മൈക്കൽ വോണിനെയും ഇംഗ്ലണ്ട് ടീമിനെയും പരിഹസിച്ച് ഒട്ടേറെ ഇന്ത്യൻ ആരാധകരും രംഗത്ത് എത്തി.ന്യൂസീലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കൂട്ടത്തകർച്ച നേരിട്ട് തോൽവിയിലേക്കു നീങ്ങുന്ന ഇംഗ്ലണ്ട് ടീമിന്റെ ദൈന്യത വെളിവാക്കുന്ന സ്കോർ കാർഡിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് ആണ് ആരാധകര്‍ അദ്ദേഹത്തിനുള്ള മറുപടി നല്‍കിയത്.കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ത്യ ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് വിജയം നേടിയപ്പോൾ, ഇംഗ്ലണ്ട് കഴിഞ്ഞ 13 വർഷത്തിനിടെ അവിടെ ജയിച്ചിട്ടില്ലെന്നതും മുന്‍ ഇംഗ്ലണ്ട് താരം മറക്കരുത് എന്ന് പലരും രേഖപ്പെടുത്തി.ഇന്ത്യയ്ക്കെതിരായ മത്സരങ്ങളിൽ ട്രാവിസ് ഹെഡ് തുടർച്ചയായി തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന സാഹചര്യത്തിലാണ്, ഇന്ത്യയെ പരിഹസിച്ച് മൈക്കൽ വോൺ പോസ്റ്റ് പങ്കുവച്ചത്. അഡ്ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ സെഞ്ചറി നേടി ഓസീസ് ടീമിന്റെ വിജയശിൽപിയായ ട്രാവിസ് ഹെഡ്, ഗാബ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിലും സെഞ്ചറിയുമായി ഓസീസിനെ തകർച്ചയിൽനിന്ന് രക്ഷപ്പെടുത്തിയിരുന്നു.