മിയാമി ഓപ്പൺ – ഫസ്റ്റ് റൗണ്ട് പൂർത്തിയായി
മിയാമി ഓപ്പൺ ആദ്യറൗണ്ട് പൂർത്തിയായി. ഇന്നലത്തെ ഏറ്റവും വലിയ ആൻറി ക്ലൈമാക്സ് എന്താണെന്ന് വെച്ചാൽ പഴയ പടക്കുതിര സ്പെയിനിന്റെ ഡേവിഡ് ഫെറർ ഒരിക്കൽക്കൂടി കുതിക്കാൻ തയ്യാറായപ്പോൾ തോറ്റുപോയത് ഭാവിയുടെ ഏറ്റവും വലിയ വാഗ്ദാനം അലക്സാണ്ടർ സ്വരെവ് ആയിരുന്നു. സ്വരെവ് ഫെററോട് 2-6, 7-5, 6-3 എന്ന നിലയിൽ പരാജയപ്പെട്ടു. തൻറെ കാലം കഴിഞ്ഞു എന്ന് കരുതിയ വിമർശകർക്ക് മുന്നിലേക്ക് ഒരു ചോദ്യം ഇട്ടു കൊടുത്തതാണ് ഫെററുടെ തിരിച്ചുവരവ്.
ഇന്നലെ അട്ടിമറികളുടെ ദിനമായിരുന്നു. പ്രധാന അട്ടിമറിയിൽ സെർബിയയുടെ ഫിലിപ്പ് ക്രെയ്നോവിച്ച് സ്വിറ്റ്സർലൻഡിന്റെ സ്റ്റാൻ വാവരിങ്കയെ പരാജയപ്പെടുത്തി; സ്കോർ 5-7, 6-2, 7-6 (5). ഓസ്ട്രേലിയയുടെ ജോർദൻ തോംസൺ പത്താം സീഡ് റഷ്യയുടെ കെറാൻ കാഷ്നോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി. ഒമ്പതാം സീഡ് മറിൻ സിലിച്ചിനും പുറത്തേക്കുള്ള വാതിൽ തുറന്നു കിട്ടി. പരാജയം റഷ്യയുടെ ആന്ധ്രേ റുബ്ലേവിനോട്; സ്കോർ 6-4, 6-4. റോജർ ഫെഡററും മൂന്നാം റൗണ്ടിലേക്ക് കടന്നിരിക്കുന്നു. മോൾഡോവ യുടെ റാഡൂ ആൽബോട്ട് ആയിരുന്നു ഫെഡററുടെ എതിരാളി. കടുത്ത പോരാട്ടത്തിനൊടുവിൽ 6-4, 5-7, 3-6 എന്ന നിലയില് ഫെഡറർ വിജയിച്ചു.
വനിതകളുടെ പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ നവോമിയെ ഒസാക്ക അട്ടിമറിച്ചുകൊണ്ട് തായ്വാന്റെ ഷേയ് സു–വെയ് അടുത്ത റൗണ്ടിലേക്ക് മുന്നേറി; സ്കോർ 4-6, 7-6 (4), 6-3. മൂന്നാം സീഡ് പെട്ര ക്വിറ്റോവ ക്രൊയേഷ്യയുടെ ഡോണ്ണ വെക്കിച്ചിനെ പരാജയപ്പെടുത്തി; സ്കോർ 6-4, 3-6, 6-4. മറ്റൊരു മത്സരത്തിൽ ഫ്രാൻസിനെ കരോളിന ഗാർഷ്യ ജർമനിയുടെ ജൂലിയ ഗോർജസിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി; സ്കോർ 6-0, 7-5.
ഓപ്പണിലെ ഏക ഇന്ത്യൻ സാന്നിധ്യമായി ഡബിൾസിൽ രോഹൻ ബൊപ്പണ്ണ ഡെന്നിസ് ഷപ്പൊവലോവ് (കനേഡിയൻ താരം) പ്രീക്വാർട്ടറിൽ കടന്നു. ഓസ്റ്റിൻ ക്രൈസെക് (അമേരിക്കൻ താരം)- ആർട്ടെം സിറ്റാക് (ന്യൂസിലാൻഡ് താരം) സഖ്യത്തെയാണ് ബൊപ്പണ്ണ സഖ്യം മറികടന്നത്. സ്കോർ 7-5, 2-6, 10-6.






































