സ്പെയിനിന് വിജയത്തോടെ തുടക്കം
നോർവേയ്ക്ക് എതിരായ വിജയത്തോടെ സ്പെയിൻ യൂറോ ട്വൻറി20 ക്വാളിഫൈങ് പോരാട്ടം ആരംഭിച്ചു. സ്പാനിഷ് തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ സമനില മാത്രം ആഗ്രഹിച്ചു ഇറങ്ങിയ നോർവെയിൽ നിന്ന് സ്പെയിൻ വിജയം പിടിച്ചെടുക്കുകയായിരുന്നു. സ്കോർ 2-1. സ്പെയിനിന്റെ അടുത്ത മത്സരം ബുധനാഴ്ച മാൾട്ടയോടാണ്. ഗ്രൂപ്പ് എഫിൽ കാര്യമായ പരിക്കേൽക്കാതെ സ്പെയിൻ യോഗ്യത നേടും എന്നാണ് വിശ്വസിക്കുന്നത്.
റയൽ മാഡ്രിഡിന്റെ മാർക്കോ അസെൻസിയോ, വലൻസിയ സ്ട്രൈക്കർ റോഡ്രിഗോ, അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ആൽവരോ മൊറാട്ട എന്നി യുവരക്തം കൊണ്ടുള്ള ആക്രമണം ആയിരുന്നു സ്പെയിൻ കോച്ച് ലൂയിസ് എൻറിക്ക് തയ്യാറാക്കിയത്. പതിനാറാം മിനിറ്റിൽ അസെൻസിയോ-ജോർഡി ആൽബ കൂട്ടുകെട്ടിൽ പിറന്ന പാസ് ഗോളാക്കി റോഡ്രിഗോ സ്പെയിനിനെ അക്കൗണ്ട് തുറന്നു. സ്പെയിനിനെ തുടർച്ചയായ ആക്രമണങ്ങളെ പ്രതിരോധിക്കാൻ നോർവേ നന്നേ പാടുപെട്ടു ഫിനിഷിംഗ് ലെ സൂക്ഷ്മതക്കുറവ് ഒന്നുകൊണ്ടുമാത്രമായിരുന്നു സ്പെയിൻ ലീഡ് വർധിപ്പിക്കാതെ ഇരുന്നത്. 65 ആം മിനിറ്റിൽ സ്പാനിഷ് ഡിഫൻഡർ ഇനിഗോ മാർട്ടിനസ് വരുത്തിയ പിഴവിൽ വിധിക്കപ്പെട്ട പെനാൽറ്റി നോർവേയ്ക്ക് പുതുജീവൻ നൽകി. കിക്കെടുത്ത ജോഷ് കിങ്ങിന് പിഴച്ചില്ല. ഡേവിഡ് ഡി ഗെയെ മറികടന്ന് ഗോൾ.
എന്നാൽ ആ സന്തോഷത്തിന് അൽപ്പായുസ്സ് ഉണ്ടായിരുന്നുള്ളൂ. 71ആം മിനിറ്റിൽ സ്പെയിനിന്റെ തെറ്റ് നോർവേ ആവർത്തിച്ചു. അതുവരെ മികച്ച നിന്ന് ഗോൾകീപ്പർ റൂണ യാർസ്റ്റൈൻ ഒരു നിർദോഷമായ ഫൗളിലൂടെ മൊറോട്ടയും താഴെയിട്ടു. അതിന് കിട്ടിയ പെനാൽറ്റി എടുക്കാൻ വന്നത് പിഴക്കാത്ത ചുവടുമായി സെർജിയോ റാമോസ്. പാനെങ്ക കിക്കിലൂടെ ഗോൾ പോസ്റ്റിന് കൃത്യം മധ്യത്തിൽ. പിന്നീടുള്ളതെല്ലാം ഒരു ചടങ്ങ് തീർക്കൽ മാത്രമായിരുന്നു.
വിജയിച്ചുവെങ്കിലും സ്പെയിനിന് ആശങ്കപ്പെടാൻ ഒരുപാടുണ്ട്. സ്ട്രൈക്കിലെ മൂർച്ച ഇല്ലായ്മ തന്നെയാണ് അതിൽ പ്രധാനം. ഡീഗോ കോസ്റ്റയുടെ തിരിച്ചു വരവിലൂടെ അത് പരിഹരിക്കപ്പെടുമെന്ന് അവർ വിശ്വസിക്കുന്നു. പരാജയപ്പെട്ടുവെങ്കിലും നോർവേയ്ക്ക് ആശങ്കയ്ക്ക് വകയില്ല. സ്പെയിനിൽ നിന്നും ഒരു സമനില നേടിയെടുക്കും എന്ന് തോന്നിപ്പിക്കും വിധമായിരുന്നു അവരുടെ കളി. അടുത്ത മത്സരത്തിൽ കരുത്തരായ സ്വീഡൻ ആണ് അവരുടെ എതിരാളികൾ
– By കളിഭ്രാന്തൻ






































