മൂന്നാം ഏകദിനത്തിൽ പാകിസ്താനെ 2 വിക്കറ്റിന് കീഴടക്കി പരമ്പര സ്വന്തമാക്കി ന്യൂസീലാൻഡ്.!
പാകിസ്താനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര സ്വന്തമാക്കി ന്യൂസീലാൻഡ്. ആദ്യ മത്സരം പാകിസ്താനും, രണ്ടാം മത്സരം കിവീസുമായിരുന്നു വിജയിച്ചത്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം പരമ്പര വിജയിക്കാൻ നിർണായകമായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താൻ സെഞ്ചുറി നേടിയ ഫഖർ സമാൻ്റെയും 101(122), അർദ്ധ സെഞ്ച്വറി നേടിയ മൊഹമ്മദ് റിസ്വാൻ്റെയും 77(74) കരുത്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ 281 എന്ന ഭേദപ്പെട്ട സ്കോർ പടുത്തുയർത്തുകയായിരുന്നു.
കിവീസിനായി 3 വിക്കറ്റ് നേടിയ ടിം സോത്തിയാണ് ബൗളിംഗിൽ കൂടുതൽ തിളങ്ങിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ സന്ദർശകർ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും ഒരു ഘട്ടത്തിൽ 181ന് 5 എന്ന നിലയിൽ കളി പാകിസ്താൻ്റെ വരുതിലായി എന്ന് തോന്നിച്ചു. എന്നാൽ ഒരറ്റത്ത് ഉറച്ചുനിന്ന ഗ്ലെൻ ഫിലിപ്പ്സ് പാകിസ്താൻ വിജയ പ്രതീക്ഷകൾ തല്ലിക്കെടുത്തുകയായിരുന്നു. 42 പന്തിൽ 63 റൺസ് ആയിരുന്നു താരത്തിൻ്റെ സമ്പാദ്യം. ഫിലിപ്സിനെ കൂടാതെ കോൺവേ 52(65), വില്യംസൺ 53(68) തുടങ്ങിയവരും കിവീസിനായി മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു.
ഒടുവിൽ 8 വിക്കറ്റ് നഷ്ടത്തിൽ 11 പന്തുകൾ ബാക്കിനിൽക്കെ ന്യൂസീലാൻഡ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ 3 മത്സരങ്ങൾ അടങ്ങുന്ന പരമ്പര 2-1 ന് സ്വന്തമാക്കാൻ സന്ദർശകരായ ന്യൂസീലാൻഡിന് സാധിച്ചു. തോൽവിയിലേക്ക് പോകുമെന്ന സാഹചര്യത്തിൽ നിന്നും ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചു കയറ്റിയ ഗ്ലെൻ ഫിലിപ്സ് ആണ് കളിയിലെ താരം.