ഓക്സ്ലയ്ഡ് ചേംബർലെയ്ൻ ലിവർപൂൾ വിടാൻ ഒരുങ്ങുന്നു.!
പ്രീമിയർ ലീഗിൽ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് ഇംഗ്ലണ്ടുകാരനായ അലക്സ് ഓക്സ്ലയ്ഡ് ചേംബർലെയ്ൻ. താരം നിലവിൽ ലിവർപൂളിൻ്റെ ഭാഗമാണ്. എന്നാൽ ടീമിൽ വേണ്ടത്ര അവസരം ചേംബർലെയ്ന് ലഭിക്കുന്നില്ല. ഈയൊരു കാരണം കൊണ്ടുതന്നെ വരുന്ന സമ്മറിൽ താരം ലിവർപൂൾ വിടുമെന്ന വാർത്തകളാണ് പുറത്തേക്ക് വരുന്നത്. ഒരു ഘട്ടത്തിൽ യൂറോപ്പിൽ തിളങ്ങി നിന്നിരുന്ന താരം പരിക്കിൻ്റെയും മറ്റും പ്രശ്നങ്ങൾ കൊണ്ട് പിൻനിരയിലേക്ക് പോകുകയായിരുന്നു. പിന്നീട് അവസരങ്ങൾ കുറഞ്ഞു തുടങ്ങി. തിയാഗോ, ഹെൻ്റേഴ്‌സൺ, ഫാബീഞ്ഞോ, എല്ലിയോട്ട് തുടങ്ങിയ പ്രഗത്ഭരായ മിഡ്ഫീൽഡേർസ് ലിവർപൂളിൽ ഉള്ളതുകൊണ്ട് തന്നെ ചേംബർലെയ്ന് ബെഞ്ചിൽ തന്നെയായിരുന്നു സ്ഥാനം. 2017ൽ ആഴ്സനലിൽ നിന്നും ലിവർപൂളിൽ എത്തിയ താരം 97 മത്സരങ്ങളിൽ ടീമിനായി ബൂട്ട് കെട്ടി. അതിൽനിന്നും 10 ഗോളുകൾ നേടുവാനും താരത്തിനായി. വരുന്ന സമ്മറിൽ പുതിയ മിഡ്ഫീൽഡേർസിനെ ടീമിൽ എത്തിക്കുക എന്നതാണ് ലിവർപൂളിൻ്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ താരത്തിന് ക്ലബ് വിടുക എന്നതെ നിവർത്തിയുള്ളൂ. എന്തായാലും എന്ത് സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്നു കാണാം.