ഓസ്ട്രേലിയൻ ഓപ്പണിൽ ജോക്കോവിച്ച് ഉണ്ടാവും, താരത്തിന് വിസ ലഭിച്ചു
ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാം ടൂർണമെന്റിൽ പങ്കെടുക്കാൻ ഓസ്ട്രേലിയൻ ഭരണകൂടം വീസ അനുവദിച്ചു. കോവിഡ് വാക്സീൻ സ്വീകരിക്കാത്തതിന്റെ പേരിൽ കഴിഞ്ഞ വർഷം ഓസ്ട്രേലിയ താരത്തിന്റെ വീസ റദ്ദാക്കുകയും നാടുകടത്തുകയും ചെയ്തിരുന്നു.
അന്നു പ്രഖ്യാപിച്ച വീസ വിലക്കിന് 3 വർഷം വരെ പ്രാബല്യമുണ്ടെങ്കിലും നിലവിലുള്ള സാഹചര്യങ്ങൾ പരിഗണിച്ച് ജോക്കോവിച്ചിന്റെ വീസ അപേക്ഷ അനുവദിക്കുകയായിരുന്നെന്ന് ഇമിഗ്രേഷൻ മന്ത്രി ആൻഡ്രു ജൈൽസ് അറിയിച്ചു. തീരുമാനത്തിൽ വളരെ സന്തോഷമുണ്ടെന്നു ജോക്കോവിച്ച് പ്രതികരിച്ചു. അടുത്ത വർഷം ജനുവരി 16 മുതൽ 29 വരെയാണ് ടൂർണമെന്റ്.
അന്താരാഷ്ട്ര യാത്രക്കാർ കൊവിഡ് വാക്സിനേഷൻ സ്റ്റാറ്റസ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു നിയമം ജൂലൈയിൽ ഓസ്ട്രേലിയ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ തനിക്ക് പോസിറ്റീവ് അടയാളങ്ങൾ ലഭിച്ചതായി ജോക്കോവിച്ച് പ്രതികരിച്ചു.