ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി ഓസ്ട്രേലിയന്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍. അടുത്ത വര്‍ഷം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയോടെ വാര്‍ണര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരു ടോക് ഷോയില്‍ പങ്കെടുക്കുന്നതിനിടെയാണ് വാര്‍ണര്‍ ഇക്കാര്യമറിയിച്ചത്.
അടുത്ത വര്‍ഷം ഏകദിന ലോകകപ്പും 2024-ല്‍ ട്വന്റി 20 ലോകകപ്പും നടക്കുന്നതിനാല്‍ ടെസ്റ്റില്‍ ഇത് അവസാന 12 മാസങ്ങളായിരിക്കുമെന്ന് വാര്‍ണര്‍ ടോക് ഷോയ്ക്കിടെ പറഞ്ഞു. ആതിഥേയരായ ഓസ്ട്രേലിയ ടി20 ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറുന്നതില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ടെസ്റ്റ് മതിയാക്കാനൊരുങ്ങുകയാണെന്ന് 36കാരനായ വാര്‍ണര്‍ സൂചിപ്പിച്ചത്.
ടി20 ക്രിക്കറ്റിനെ താനിപ്പോഴും സ്നേഹിക്കുന്നുവെന്ന് വ്യക്തമാക്കിയ വാര്‍ണര്‍ 2024ലെ ടി20 ലോകകപ്പില്‍ കളിക്കാനുളള ആഗ്രഹം പരസ്യമാക്കുകയും ചെയ്തു. ഏകദിനത്തിലും ട്വന്റി 20യിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുവേണ്ടിയാണ് വാര്‍ണര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഈയിടെ അവസാനിച്ച ട്വന്റി 20 ലോകകപ്പില്‍ ഓസീസിനായി വാര്‍ണര്‍ക്ക് വേണ്ടവിധത്തില്‍ തിളങ്ങാനായിരുന്നില്ല. നാല് മത്സരങ്ങളില്‍ നിന്ന് വെറും 44 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. വെറും 11 റണ്‍സാണ് ബാറ്റിങ് ആവറേജ്.