കോലിയും സൂര്യയും ടീമിൽ, ടി20 ലോകകപ്പിലെ തെരഞ്ഞെടുത്ത് ഐസിസി
ടി20 ലോകകപ്പിലെ ഏറ്റവും മൂല്യമേറിയ ടീമിനെ തെരഞ്ഞെടുത്ത് ഐസിസി. ഇന്ത്യയില്‍ നിന്നും ഫൈനലിലെത്തിയ പാകിസ്ഥാനില്‍ നിന്നും രണ്ട് താരങ്ങള്‍ വീതം ടീമിലെത്തിയപ്പോള്‍ കിരീടം നേടിയ ഇംഗ്ലണ്ട് ടീമില്‍ നിന്ന് നാലു താരങ്ങള്‍ ഐസിസിയുടെ ഏറ്റവും മികച്ച ടി20 ഇലവനിലെത്തി. ഇന്ത്യയുടെ ബാറ്റര്‍മാരായ വിരാട് കോലിയും സൂര്യകുമാര്‍ യാദവുമാണ് ടീമിലിടം പിടിച്ചത്.
ലോകകപ്പില്‍ 296 റണ്‍സുമായി കോലി റണ്‍വേട്ടയില്‍ ഒന്നാമതെത്തിയപ്പോള്‍ 239 റണ്‍സടിച്ച സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. റണ്‍വേട്ടയില്‍ 225 റണ്‍സുമായി നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറാണ് ടീമിന്‍റെ നായകനും വിക്കറ്റ് കീപ്പറും.
ഇംഗ്ലണ്ട് ഓപ്പണര്‍മാരായിരുന്ന അലക്സ് ഹെയ്ല്‍സും ജോസ് ബട്‌ലറും ഓപ്പണര്‍മാരാകുന്ന ടീമില്‍ വിരാട് കോലി മൂന്നാം നമ്പറിലും സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലുമെത്തുന്നു. അഞ്ച് മത്സരങ്ങളില്‍ 158.27 പ്രഹരശേഷിയില്‍ 201 റണ്‍സ് നേടിയ ന്യൂസിലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്സ് ആണ് ടീമിലെ അഞ്ചാം നമ്പറില്‍ ഇറങ്ങുന്ന താരം.
മികച്ച ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്ത സിംബാബ്‌വെ താരം സിക്കന്ദര്‍ റാസയും പാക്കിസ്ഥാന്‍റെ ഷദാബ് ഖാനുമാണ് ടീമിലെ സ്പിന്‍ ഓള്‍ റൗണ്ടര്‍മാര്‍. ലോകകപ്പിന്‍റെ താരമായ സാം കറനാണ് ബൗളിംഗ് ഓള്‍ റൗണ്ടര്‍. സെമിയിലും ഫൈനലിലും കളിച്ചില്ലെങ്കിലും ലോകകപ്പില്‍ ഇംഗ്ലണ്ടിനായി തിളങ്ങി മാര്‍ക്ക് വുഡും ദക്ഷിാഫ്രിക്കയുടെ ആന്‍റിച്ച് നോര്‍ക്യയും പാക്കിസ്ഥാന്‍റെ ഷഹീന്‍ അഫ്രീദിയുമാണ് ടീമിലെ പേസര്‍മാര്‍.