ബാഴ്സ എന്നും അദ്ദേഹത്തിൻ്റെ വീട് ആണെന്ന് മെസ്സിക്ക് അറിയാം; ലാപോർട്ട.!
ലോകത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ലയണൽ മെസ്സി. താരത്തിൻ്റെ പി.എസ്.ജിയുമായുള്ള കരാർ വരുന്ന സമ്മറിൽ അവസാനിക്കാൻ ഇരിക്കുകയാണ്. അതുകൊണ്ടുതന്നെ എന്താകും സംഭവിക്കുക എന്നറിയാൻ ഉള്ള ആകാംഷ ഇപ്പോഴേ ഓരോ ഫുട്ബോൾ ആരാധകരിലും ഉണ്ട്. എന്നാൽ ലോകകപ്പിന് ശേഷം മാത്രമേ താനൊരു തീരുമാനം കൈക്കൊള്ളുകയുള്ളൂ എന്ന് മെസ്സി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ മെസ്സി 2023ൽ ബാർസയിലേക്ക് എത്തുമോ എന്ന ചോദ്യത്തോട് ക്ലബ്ബിൻ്റെ പ്രസിഡൻ്റ് ആയ ജൊവാൻ ലാപോർട്ട ഇപ്പോൾ പ്രതികരിച്ചിട്ടുണ്ട്. “ബാഴ്സ എപ്പോഴും തൻ്റെ വീട് ആണെന്നുള്ള കാര്യം മെസ്സിക്ക് അറിയാം” എന്നായിരുന്നു ലാപോർട്ട വ്യക്തമാക്കിയത്. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മെസ്സിയെ ബാർസയിലേക്ക് തിരികെകൊണ്ടുവരാൻ ശ്രമിക്കും എന്നുള്ളതിൻ്റെ ഒരു സൂചനയാണ് ഇതെന്ന് ലാപോർട്ടയുടെ വാക്കുകളിലൂടെ നമുക്ക് മനസിലാക്കാം. ഇതിന് മുമ്പ് “മെസ്സിക്ക് മുന്നിൽ എപ്പോഴും ബാർസയുടെ വാതിലുകൾ തുറന്നുകിടക്കും” എന്ന പരാമർശവും അദ്ദേഹം നടത്തിയിരുന്നു. ഇതെല്ലാം ചേർത്തു വായിക്കുമ്പോൾ അടുത്ത സീസണിൽ ബാർസ കുപ്പായത്തിലേക്ക് മെസ്സി മടങ്ങി വരാനുള്ള സാധ്യതകൾ തള്ളിക്കളയുവാൻ കഴിയുകയില്ല.
എന്നാൽ ബാർസയെ സമ്പന്ധിച്ചിടത്തോളം കാര്യങ്ങൾ അത്ര എളുപ്പമാകില്ല. കാരണം, പി.എസ്.ജി താരത്തിൻ്റെ കരാർ പുതുക്കി നൽകുവാൻ ഇതിനോടകം തന്നെ താൽപര്യം അറിയിച്ചിട്ടുണ്ട്. കൂടാതെ, പ്രീമിയർ ലീഗ് വമ്പന്മാരായ സിറ്റിയും, ചെൽസിയും എം.എൽ.എസ് ക്ലബായ ഇൻ്റർ മയാമിയുമെല്ലാം മെസ്സിക്കായി രംഗത്തുണ്ട്. അതുകൊണ്ടുതന്നെ ഇത്രയും വെല്ലുവിളികൾ മറികടന്ന് വേണം ബാർസയ്ക്ക് മെസ്സിയെ തിരികെയെത്തിക്കാൻ. എന്തായാലും താരം പി.എസ്.ജിയിൽ തന്നെ തുടരുമോ, അതോ ബാർസയിലേക്ക് തിരിച്ചെത്തുമോ അതുമല്ലെങ്കിൽ പെപ്പിൻ്റെ സിറ്റിയിലേക്ക് കൂടുമാറുമോ എന്നൊക്കെ അറിയാൻ കുറച്ചു നാളുകൾ കൂടി നമ്മൾ കാത്തിരുന്നാൽ മതിയാകും.