മാറ്റത്തിനൊരുങ്ങി ടീം ഇന്ത്യ, പുതിയ നായകൻ പാണ്ഡ്യ; സീനിയർ താരങ്ങൾ പുറത്തേക്ക്
ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനോടു ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങൾ വരുമെന്നു റിപ്പോർട്ട്. സീനിയർ താരങ്ങളിൽ പലരെയും അടുത്ത വർഷം മുതൽ ട്വന്റി20 ടീമുകളിലേക്കു പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണു ബിസിസിഐ.
രോഹിത് ശര്‍മ, വിരാട് കോലി, ആർ. അശ്വിൻ, ദിനേഷ് കാർത്തിക്ക് തുടങ്ങിയ മുതിർന്ന താരങ്ങള്‍ വൈകാതെ ട്വന്റി20 ടീമിനു പുറത്താകുമെന്നാണ് ബിസിസിഐ വൃത്തങ്ങളിൽനിന്നുള്ള വിവരം. ഇതിൽ തന്നെ അശ്വിനേയും ദിനേഷ് കാർത്തിക്കിനെയും ഇനി ട്വന്റി20 മത്സരങ്ങളിൽ കളിപ്പിക്കുമോയെന്ന കാര്യം സംശയമാണ്.
കഴിഞ്ഞവര്‍ഷത്തെ ലോകകപ്പിനുശേഷം വിരാട് കോലിക്ക് ക്യാപ്റ്റന്‍സി ഉപേക്ഷിക്കേണ്ടിവന്നതിന് പ്രധാന കാരണം ലോകകിരീടങ്ങള്‍ നേടാനാവാത്തതാണ്. അതിനു പരിഹാരമായാണ് കോലിയേക്കാള്‍ ഒരു വയസ്സ് കൂടുതലുള്ള രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കിയത്. ഐ.പി.എലില്‍ മുംബൈ ഇന്ത്യന്‍സിന് അഞ്ച് കിരീടങ്ങള്‍ നേടിക്കൊടുത്ത രോഹിതിന് ഇന്ത്യയുടെ കിരീടവരള്‍ച്ച അവസാനിപ്പിക്കാനാവും എന്ന് ക്രിക്കറ്റ് ബോര്‍ഡ് കരുതി. എന്നാൽ പ്ലാനുകളെല്ലാം പാളിയ സ്ഥിതിക്കാണ് പുത്തൻ പദ്ധതികൾ അണിയറയിൽ ഒരുക്കുന്നത്.
അടുത്ത ട്വന്റി20 ലോകകപ്പിന് ഇനി രണ്ട് വർഷത്തോളം സമയമുണ്ട്. ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ പുതുപുത്തന്‍ ടീമായിരിക്കും ഈ ലോകകപ്പിന് ഇറങ്ങുക. ‘‘ബിസിസിഐ ആരോടും വിരമിക്കാൻ ആവശ്യപ്പെടില്ല. അതു വ്യക്തിപരമായ തീരുമാനമായിരിക്കും. 2023ൽ ട്വന്റി20 മത്സരങ്ങൾ ഏറെയുണ്ടെങ്കിലും മുതിർന്ന താരങ്ങൾ ഏകദിന, ടെസ്റ്റ് മത്സരങ്ങളിലായിരിക്കും ശ്രദ്ധിക്കുക.