പാണ്ട്യയുടെ തോളിലേറി ഇന്ത്യ; ഇംഗ്ലണ്ടിന് മുന്നിൽ 169 റൺസ് വിജയലക്ഷ്യം.!
ടി20 ലോകകപ്പിൻ്റെ രണ്ടാം സെമിഫൈനലിൽ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് 169 റൺസ് വിജയലക്ഷ്യം. ഒരു തകർച്ചയിലേക്ക് കൂപ്പുകുത്തിയെന്ന് കരുതിയ ടീമിനെ കോഹ്ലിയും പാണ്ട്യയും ചേർന്നാണ് തരക്കേടില്ലാത്ത ഒരു സ്കോറിലേക്ക് എത്തിച്ചത്. കോഹ്ലി 40 പന്തിൽ 50 റൺസുമായി ഇന്ത്യൻ ഇന്നിംഗ്സിൽ നിർണായക പങ്കുവഹിച്ചപ്പോൾ ഹർദിക് പാണ്ട്യയാണ് ഇന്ത്യയെ ഇങ്ങനൊരു സ്കോറിലേക്ക് എത്തിച്ചത്. താരം 33 പന്തിൽ 63 റൺസുമായി അവസാന പന്തിലാണ് പുറത്തായത്. അവസാന ഓവറിലെ അവസാന പന്ത് പാണ്ട്യ ബൗണ്ടറി നേടിയെങ്കിലും സ്റ്റമ്പിൽ കാലുകൊണ്ട് താരം ഹിറ്റ് വിക്കറ്റ് ആവുകയായിരുന്നു. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വോക്സ് എറിഞ്ഞ രണ്ടാം ഓവറിൽ തന്നെ രാഹുലിൻ്റെ വിക്കറ്റ് നഷ്ടമായി. 5 റൺസ് ആയിരുന്നു താരത്തിൻ്റെ സമ്പാദ്യം. തുടർന്ന് രോഹിതും കോഹ്ലിയും ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചെങ്കിലും സ്കോർ 56ൽ നിൽക്കെ രോഹിതിൻ്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. ജോർദാനെ അതിർത്തി കടത്താൻ ശ്രമിക്കവേ കുറാൻ്റെ കയ്യിൽ ക്യാച്ച് നൽകിയാണ് ക്യാപ്റ്റൻ മടങ്ങിയത്. 4 ബൗണ്ടറികളടക്കം 27 റൺസ് ആയിരുന്നു രോഹിതിൻ്റെ സമ്പാദ്യം. പിന്നീട് വന്ന സൂര്യ പതിവുപോലെ ആക്രമണ ബാറ്റിംഗ് പുറത്തെടുത്തെങ്കിലും ജോർദാൻ്റെ പന്തിൽ തന്നെ 14 റൺസുമായി സൂര്യയും മടങ്ങി. അതിന് ശേഷമാണ് ഇന്ത്യൻ ഇന്നിംഗ്സിന് അടിത്തറ പാകിയ കൂട്ടുകെട്ട് പിറന്നത്.
നാലാം വിക്കറ്റിൽ കോഹ്ലിയും പാണ്ഡ്യയും ചേർന്ന് 40 പന്തിൽ 66 റൺസ് കൂട്ടിച്ചേർത്തു. ശേഷം അർദ്ധസെഞ്ചുറി നേടിയ കോഹ്ലിയും മടങ്ങി. 40 പന്തിൽ 4 ഫോറും 1 സിക്സറും സഹിതം 50 റൺസ് ആയിരുന്നു താരത്തിൻ്റെ സമ്പാദ്യം. എന്നാൽ ഒരറ്റത്ത് പാണ്ഡ്യ നങ്കൂരമിടുകയായിരുന്നു. 33 പന്ത് നേരിട്ട താരം 4 ഫോറുകളും 5 സിക്സറുകളും സഹിതം 63 റൺസ് അടിച്ചെടുത്തു. അങ്ങനെ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 168 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് എത്തിപ്പെടുകയായിരുന്നു. എന്തായാലും മികച്ച ബൗളിംഗ് പെർഫോർമൻസ് കൂടി പുറത്തെടുത്താൽ മാത്രമേ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെ മറികടക്കാൻ സാധിക്കൂ.






































