ഷൂട്ടൗട്ടിൽ 20 പെനൽറ്റികൾ; ഒടുവിൽ ബ്ലാക്ക്ബേണിനു മുന്നിൽ മുട്ടുമടക്കി വെസ്റ്റ്ഹാം.!
കരബാവോ കപ്പിൽ നടന്ന അതിവാശിയേറിയ മത്സരത്തിൽ ബ്ലാക്ക്ബേൺ റോവേഴ്സ്സിനെതിരെ വെസ്റ്റ്ഹാം യുണൈറ്റഡിന് തോൽവി. വെസ്റ്റ്ഹാമിൻ്റെ മൈതാനത്ത് നടന്ന മത്സരത്തിൽ 20 പെനൽറ്റികൾക്കൊടുവുൽ ആണ് വിജയിയെ കണ്ടെത്തുവാൻ കഴിഞ്ഞത്. മത്സരത്തിൻ്റെ മുഴുവൻ സമയത്ത് ഇരുടീമുകളും 2-2 എന്ന നിലയിൽ തുല്യത പാലിച്ചതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. മത്സരത്തിൻ്റെ 6, 88 മിനിറ്റുകളിലാണ് സന്ദർശകരുടെ ഗോളുകൾ പിറന്നത്. ജാക്ക് വാലെയും, ബ്രെറിട്ടണും ആണ് അവർക്കായി വലകുലുക്കിയത്. വെസ്റ്റ്ഹാമിനായി 38ആം മിനിറ്റിൽ ഫോർനൽസും 78ആം മിനിറ്റിൽ അൻ്റോണിയോയും ലക്ഷ്യം കണ്ടു. എന്നാൽ വിജയഗോൾ കണ്ടെത്തുവാൻ ഇരുടീമുകൾക്കും കഴിയാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഇരുടീമുകൾക്കും വേണ്ടി ആദ്യം കിക്കെടുത്ത 5 പേരും ലക്ഷ്യം കണ്ടതോടെ കളി സഡൻ ഡെത്തിലേക്ക് നീണ്ടു.
തുടർന്ന് ബ്ലാക്ക്ബേണിനായി കിക്ക് എടുത്തവർ എല്ലാം ലക്ഷ്യം കണ്ടപ്പോൾ വെസ്റ്റ്ഹാമിനായി 10ആം പെനൽറ്റി എടുക്കാൻ വന്ന എയ്ഞ്ചലോ ഒഗ്ബൊണ്ണയ്ക്ക് പിഴച്ചു. അങ്ങനെ 10-9 എന്ന നിലയ്ക്ക് ബ്ലാക്ക്ബേൺ ഷൂട്ടൗട്ട് വിജയിക്കുകയായിരുന്നു. എന്തായാലും അത്യന്തം വാശിയേറിയ മത്സരം തന്നെയായിരുന്നു നടന്നത്. ആരാധകരെ ആവേശംഭരിതരാക്കാൻ ഈയൊരു മത്സരം കൊണ്ടുകഴിഞ്ഞു. മത്സരം പരാജയപ്പെട്ട വെസ്റ്റ്ഹാം ടൂർണമെൻ്റിൽ നിന്നും പുറത്തായി.






































