സൂപ്പര്‍ 12 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 186 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി പാകിസ്ഥാൻ
ടി20 ലോകകപ്പ് സൂപ്പര്‍ 12-ലെ നിര്‍ണായക പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 186 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി പാകിസ്ഥാന്. തുടക്കത്തിലെ തകര്‍ച്ചയെ അതിജീവിച്ചാണ് 20 ഓവറില്‍ ഒമ്പത് 5 വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാൻ 185 റണ്‍സെടുത്തത്.
ഒരു ഘട്ടത്തില്‍ നാലിന് 43 റണ്‍സെന്ന നിലയിലായിരുന്ന പാകിസ്ഥാനെ ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്, മുഹമ്മദ് നവാസ് എന്നിവരുടെ ഇന്നിംഗ്സുകളാണ് 185-ല്‍ എത്തിച്ചത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ നായകൻ ബാബർ അസമിന്റെ തീരുമാനം തെറ്റാണെന്ന രീതിയിലായിരുന്നു പാകിസ്ഥാന്റെ പ്രകടനം.
ഓപ്പണര്‍മാരായ മുഹമ്മദ് റിസ്വാനും (4) ക്യാപ്റ്റന്‍ ബാബര്‍ അസമും (6) വലിയ ചെറുത്തുനില്‍പ്പില്ലാതെ മടങ്ങി. ഈ സമയം 11 പന്തില്‍ നിന്ന് മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 28 റണ്‍സെടുത്ത മുഹമ്മദ് ഹാരിസിന്റെ കാമിയോ ഇന്നിങ്സാണ് പവര്‍പ്ലേയില്‍ പാകിസ്താന് 42 റണ്‍സ് സമ്മാനിച്ചത്. എന്നാല്‍ അപ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നാലെ ഏഴാം ഓവറില്‍ ഷാന്‍ മസൂദും (2) പുറത്തായതോടെ പാകിസ്ഥാന് നാലിന് 43 റണ്‍സെന്ന നിലയിലേക്ക് വീണു.
എന്നാൽ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഇഫ്തിഖര്‍ അഹമ്മദ് – മുഹമ്മദ് നവാസ് സഖ്യം 52 റണ്‍സ് കൂട്ടിച്ചേര്‍ത്ത് പാക് ടീമിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത് വെറും 22 പന്തില്‍ നിന്ന് നാല് സിക്സും മൂന്ന് ഫോറുമടക്കം 52 റണ്‍സെടുത്ത ഷദാബാണ് പാകിസ്ഥാന്റെ ടോപ് സ്കോറര്‍. ഇഫ്തിഖര്‍ 35 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 51 റണ്‍സെടുത്തു. ഇരുവരും ആറാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 82 റണ്‍സാണ് പാകിസ്ഥാനെ മികച്ച സ്കോറിലെത്തിച്ചത്.