സെമി തൊട്ടടുത്ത്, ശ്രീലങ്കയ്ക്കെതിരെ വമ്പൻ വിജയവുമായി കിവീസ്
ടി20 ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ കൂറ്റന്‍ ജയം സ്വന്തമാക്കിയ ന്യൂസിലന്‍ഡ് സെമി ഫൈനലിനോട് ഒരുപടി കൂടി അടുത്തു. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ 65 റണ്‍സിന്റെ ജയാണ് ന്യൂസിലന്‍ഡ് നേടിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് ഗ്ലെന്‍ ഫിലിപ്സിന്റെ (104) സെഞ്ചുറി കരുത്തില്‍ 167 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ലങ്ക 19.2 ഓവറില്‍ 101ന് എല്ലാവരും പുറത്തായി.
നാല് വിക്കറ്റ് നേടിയ ട്രന്റ് ബോള്‍ട്ടാണ് ശ്രീലങ്കയെ തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളില്‍ കിവീസിന് അഞ്ച് പോയിന്റായി. രണ്ട് തോല്‍വിയും ഒരു ജയവുമുള്ള ശ്രീലങ്കയ്ക്ക് രണ്ട് പോയിന്റാണുള്ളത്. തോല്‍വിയോടെ ലങ്കയുടെ സെമി പ്രതീക്ഷകളും തുലാസിലായി.
168 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി ലഭിച്ചു. വെറും എട്ട് റണ്‍സെടുക്കുന്നതിനിടെ തന്നെ നാല് മുന്‍നിര വിക്കറ്റുകള്‍ നിലം പതിച്ചു. 35 റണ്‍സെടുത്ത നായകന് ഡാസണ്‍ ശനകയും 34 റണ്‍സ് നേടിയ ഭനുക രജപക്സയും മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്.
പത്തും നിസ്സങ്ക (0), കുശാല്‍ മെന്‍ഡിസ് (4), ധനഞ്ജയ ഡി സില്‍വ (0), ചരിത് അസലങ്ക (4), ചമിക കരുണരത്നെ (3), വാനിന്ദു ഹസരംഗ (4), മഹീഷ് തീക്ഷണ (0), ലഹിരു കുമാര (4) എന്നിവര്‍ നിരാശപ്പെടുത്തി. എട്ടുറണ്‍സെടുത്ത കസുന്‍ രജിത പുറത്താവാതെ നിന്നു.