മഴമൂലം അഫ്ഗാനിസ്ഥാന്-അയര്‍ലന്‍ഡ് പോരാട്ടം ഉപേക്ഷിച്ചു
ടി20 ലോകകപ്പില്‍ മഴയുടെ കളി തുടരുന്നു. സൂപ്പര്‍ 12-ല്‍ ഇന്ന് രാവിലെ നടക്കേണ്ട അഫ്ഗാനിസ്ഥാന്-അയര്‍ലന്‍ഡ് പോരാട്ടം മഴമൂലം ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിച്ചു. സൂപ്പര്‍ 12-ല്‍ അഫ്ഗാനിസ്ഥാന്റെ രണ്ടാം മത്സരമാണ് മഴമൂലം ഉപേക്ഷിക്കേണ്ടിവരുന്നത്. നേരത്തെ ന്യൂസിലന്‍ഡിനെതിരായ അഫ്ഗാന്റെ സൂപ്പര്‍ 12 പോരാട്ടവും മഴമൂലം ടോസ് പോലും ഇടാതെ ഉപേക്ഷിക്കേണ്ടിവന്നിരുന്നു.
ഇന്നും മത്സരം മുടങ്ങിയതിനാൽ രണ്ട് ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയം ഉള്‍പ്പെടെ മൂന്ന് പോയിന്റുള്ള അയര്‍ലന്‍ഡ് ഗ്രൂപ്പില്‍ ന്യൂസിലന്‍ഡിന് പിന്നിലായി രണ്ടാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ലഭിച്ച രണ്ട് പോയിന്റാണ് അഫ്ഗാനിസ്ഥാന്റെ സമ്പാദ്യം.
ഇന്നത്തെ മത്സരം നടക്കാതെ പോയത് തങ്ങള്‍ക്ക് വലിയ തിരിച്ചടിയാണെന്ന് ഐറിഷ് ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബര്‍ണി പ്രതികരിച്ചു. കഴിഞ്ഞ മത്സരത്തില്‍ ശക്തരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു അയര്‍ലന്‍ഡ്.






































