ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ അഫ്ഗാനിസ്താനെതിരെ ഇംഗ്ലണ്ടിന് ജയം
2022 ഐസിസി ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ അഫ്ഗാനിസ്താനെതിരേ ഇംഗ്ലണ്ടിന് വിജയം. 5 വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയം നേടിയത്. അഫ്ഗാന് ഉയര്‍ത്തിയ 113 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് 18.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇംഗ്ലണ്ടിനെ വിറപ്പിച്ചാണ് അഫ്ഗാന് തോല്‍വി വഴങ്ങിയത്.
ബാറ്റിങ്ങില്‍ പതറിയെങ്കിലും ബൗളിങ്ങില്‍ അഫ്ഗാന് ഉശിരുകാട്ടി. ചെറിയ വിജയലക്ഷ്യം മറികടക്കാന്‍ ഇംഗ്ലണ്ടിന് 18.1 ഓവര്‍ വേണ്ടിവന്നു. . അഫ്ഗാന് സ്പിന്നര്‍മാര്‍ ആവോളം ശ്രമിച്ചെങ്കിലും 21 പന്തില്‍ പുറത്താവാതെ 29 റൺസെടുത്ത ലിയാം ലിവിംഗ്സ്റ്റണിന്റെ ഇന്നിംഗ്സാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്.
ജോസ് ബട്ലര് (18)- അലക്സ് ഹെയ്ല്‍സ് (19) ഓപ്പണിംഗ്സ് സഖ്യം ഭേദപ്പെട്ട തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. 35 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഇരുവരും പിരിഞ്ഞത്. ബട്ലറെ ഫസലുള്ള ഫാറൂഖി പുറത്താക്കി. ഒമ്പതാം ഓവറില്‍ ഹെയ്ല്‍സിനെ ഫരീദ് അഹമ്മദും മടക്കി. പിന്നീട് അഫ്ഗാന് സ്പിന്നര്‍ ഇംഗ്ലണ്ടിനെ വട്ടം കറക്കി.
ബെന്‍ സ്റ്റോക്സിനെ (2) മുഹമ്മദ് നബി ബൗള്‍ ഡാക്കിയതോടെ ഇംഗ്ലണ്ട് 11-ാം ഓവറില്‍ മൂന്നിന് 65 എന്ന നിലയിലായി. ഡേവിഡ് മലാനും (18) തിളങ്ങാനായിരുന്നു മുജീബ് ഉര് റഹ്മാനായിരുന്നു വിക്കറ്റ്. ഹാരി ബ്രൂക്ക് (7) ആവട്ടെ റാഷിദ് ഖാന്റെ കെണിയിലും കുടുങ്ങി. എന്നാല്‍ ഒരറ്റത്ത് പിടിച്ചുനിന്ന ലിവിംഗ്സ്റ്റണ് മൊയീന്‍ അലിയെ (7) കൂട്ടുപിടിച്ച് വിജയം പൂര്‍ത്തിയാക്കി.






































