സ്കോട്ലന്ഡിന്റെ കീഴടക്കി അയര്‍ലന്‍ഡിന്റെ കിടലൻ പെർഫോമൻസ്
ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ബിയില്‍ രണ്ടാം ജയത്തിനുള്ള സ്കോട്ലന്ഡിന്റെ മോഹങ്ങള്‍ തകര്‍ത്ത് അയര്‍ലന്‍ഡ്. വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ചെത്തിയ സ്കോട്ടിഷ് പടയെ അയര്‍ലന്‍ഡ് ആറ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.
177 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ അയര്‍ലന്‍ഡ് നേടി. ഹൊബാര്‍ടിലെ ബെലെറിവ് ഓവലില്‍ ആദ്യം ബാറ്റ് ചെയ്ത സ്കോട്ലന്ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റിനാണ് 176 റണ്‍സെടുത്തത്. 55 പന്തില്‍ ആറ് ഫോറും നാല് സിക്സറും സഹിതം 86 റണ്‍സെടുത്ത മൈക്കല്‍ ജോണ്‍സും 27 പന്തില്‍ 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ റിച്ചീ ബെറിംഗ്ടണും 13 പന്തില്‍ പുറത്താകാതെ 17 റണ്‍സ് നേടിയ മൈക്കല്‍ ലീസ്കുമാണ് സ്കോട്ലന്ഡിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.
ചേസിംഗിൽ 9.3 ഓവറില്‍ 119 റണ്‍സിന്റെ കൂട്ടുകെട്ടുമായി കര്‍ടിസ് കാംഫെറും ജോര്‍ജ് ഡോക്റെല്ലുമാണ് അയര്‍ലന്‍ഡിന്റെ വിജയശില്പികള്. ബാറ്റിംഗിൽ കര്‍ടിസ് പുറത്താവാതെ 32 പന്തില്‍ 72 റണ്‍സുമായി തിളങ്ങിയപ്പോൾ താരം ബോളിംഗിൽ രണ്ട് വിക്കറ്റും വീഴ്ത്തി. രാജ്യാന്തര ടി20യില്‍ അയര്‍ലന്‍ഡിന്റെ ഉയര്‍ന്ന റണ്‍ചേസാണിത്.






































