ശ്രീലങ്കയ്ക്കെതിരെ ഹാട്രിക് നേട്ടവുമായി യുഎഇയുടെ കാര്‍ത്തിക്ക് മെയ്യപ്പൻ
2022 ടി20 ലോകകപ്പിലെ ആദ്യ ഹാട്രിക്ക് പിറന്നു. ഗ്രൂപ്പ് ഘട്ടത്തിലെ യുഎഇ ശ്രീലങ്ക മത്സരത്തിനിടെയാണ് ഹാട്രിക്ക് നേട്ടം. യുഎഇയുടെ കാര്‍ത്തിക്ക് മെയ്യപ്പനാണ് ഹാട്രിക്കിലൂടെ ഇന്നത്തെ മത്സരത്തിൽ തിളങ്ങിയത്. കളിയുടെ 15-ാം ഓവറിലാണ് ഹാട്രിക്കിന്റെ വരവ്. 15-ാം ഓവറിലെ നാലാം പന്തില്‍ അപകടകാരിയായ ഭനുക രജപക്സയെ കാഷിഫ് ദാവൂദിന്റെ കയ്യിലെത്തിച്ചാണ് മെയ്യപ്പന് ഹാട്രിക്കിന് തുടക്കം കുറിച്ചത്.
തൊട്ടടുത്ത പന്തില്‍ മികച്ച ബാറ്ററായ ചരിത് അസലങ്കയെ വിക്കറ്റ് കീപ്പര്‍ വൃത്യ അരവിന്ദിന്റെ കയ്യിലെത്തിച്ച് മെയ്യപ്പന് ശ്രീലങ്കയെ ഞെട്ടിച്ചു. അടുത്തത് ഹാട്രിക്ക് പന്താണ്. നേരിടുന്നത് ശ്രീലങ്കന്‍ നായകനും മികച്ച ഓള്‍റൗണ്ടറുമായ ഡാസണ്‍ ശനക. എന്നാല്‍ ശനകയെ നിസഹായനാക്കിക്കൊണ്ട് മെയ്യപ്പന് വിക്കറ്റ് പിഴുതു.
മെയ്യപ്പന്റെ ഗൂഗ്ലി വിക്കറ്റ് പിഴുതപ്പോള്‍ ശനക അത്ഭുതത്തോടെയാണ് അത് നോക്കിനിന്നത്. ഇതോടെ മെയ്യപ്പന് ചരിത്രത്തിന്റെ ഭാഗമായി. നാലോവര്‍ ചെയ്ത മെയ്യപ്പന് 19 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റെടുത്തു. ട്വന്റി 20 ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന അഞ്ചാമത്തെ മാത്രം ബൗളറാണ് മെയ്യപ്പന്. ബ്രെറ്റ് ലീ (2007), കര്‍ട്ടിസ് ക്യാംഫര്‍ (2021), വാനിന്ദു ഹസരംഗ (2021), കഗിസോ റബാദ (2021) എന്നിവരാണ് ഇതിനുമുന്‍പ് ട്വന്റി 20 ലോകകപ്പില്‍ ഹാട്രിക്ക് നേടിയ ബൗളര്‍മാര്‍.






































