ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ച് സ്കോട്ലന്ഡ്
ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ച് സ്കോട്ലന്ഡ്. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ 42 റണ്‍സിനാണ് സ്കോട്ലന്ഡിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സ്കോട്ലന്ഡ് മുന്നോട്ടുവെച്ച 161 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത കരീബിയന്‍ ടീം 18.3 ഓവറില്‍ 118 റണ്‍സിന് ഓൾഔട്ടാവുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത സ്കോട്ലന്ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റിനാണ് 160 റണ്‍സെടുത്തത്. 53 പന്തില്‍ 9 ബൗണ്ടറികളോടെ 66 റണ്‍സെടുത്ത ഓപ്പണര്‍ ജോര്‍ജ് മന്‍സിയാണ് സ്കോട്ലന്ഡിന്റെ ടോപ് സ്കോറര്‍. മൈക്കല്‍ ജോണ്‍സ് 17 പന്തില്‍ 20 റൺസും ക്യാപ്റ്റന്‍ റിച്ചി ബെറിംഗ്ടണ്‍ 14 പന്തില്‍ 16 റൺസും മക്ലിയോഡ് 14 പന്തില്‍ 23 റൺസും ക്രിസ് ഗ്രീവ്സ് 11 പന്തില്‍ പുറത്താവാതെ 16 റണ്‍സുമെടുത്തതും ഇന്നിംഗ്സിന് തുണയായി.
മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് നിരയില്‍ 13 പന്തില്‍ 20 റൺസെടുത്ത കെയ്ല്‍ മെയേഴ്സ്, എലിന്(14), ബ്രാണ്ടന്‍ കിംഗ് (17), ജേസന്‍ ഹോള്‍ഡര്‍ (38) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. മൂന്ന് വിക്കറ്റുമായി മാര്‍ക് വാട്ടും രണ്ട് പേരെ വീതം പുറത്താക്കി ബ്രാഡ് വീലും മൈക്കല്‍ ലീസ്ക്കും ഓരോ വിക്കറ്റുമായി ജോഷ് ദെവേയും സഫ്യാന്‍ ഷരീഫുമാണ് കരീബിയന്‍ ടീമിനെ തളച്ചത്. വിന്‍ഡീസ് നായകന് നിക്കോളസ് പുരാന് നാല് റണ്‍സ് മാത്രമെടുത്ത് പുറത്തായി.






































