ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഏഷ്യാ കപ്പ് ജേതാക്കളായ ശ്രീലങ്കയെ അട്ടിമറിച്ച് നമീബിയ
ടി20 ലോകകപ്പിലെ ആദ്യ യോഗ്യതാ മത്സരത്തിൽ ഏഷ്യാ കപ്പ് ജേതാക്കളായ ശ്രീലങ്കയെ അട്ടിമറിച്ച് നമീബിയക്ക് വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ നമീബിയ മുന്നോട്ടുവെച്ച 164 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലങ്ക 19 ഓവറില്‍ 108 റണ്‍സിന് ഓള് ഔട്ടായി.
തുടക്കം മുതല്‍ മത്സരത്തിന്റെ നിയന്ത്രണം കയ്യിലാക്കിയാണ് നമീബിയന്‍ ബൗളര്‍മാര്‍ 55 റണ്‍സിന്റെ ആധികാരിക ജയം പിടിച്ചെടുത്തത്. 164 റൺസിന്റെ വിജലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയുടെ തുടക്കം തന്നെ മോശമായിരുന്നു. ഓപ്പണര്‍മാരായ പാതും നിസങ്ക (9), കുശാല്‍ മെന്‍ഡിസ് (6), ധനുഷ്ക ഗുണതിലക (0) എന്നിവര്‍ പവര്‍പ്ലേക്കുള്ളില്‍ മടങ്ങി. പവര്‍ പ്ലേക്ക് പിന്നാലെ ധനഞ്ജയ ഡിസില്‍വയും (12) വീണതോടെ ലങ്ക സമ്മർദത്തിലായി.
എന്നാല്‍ ഭാനുക രജപ്കസെയും (20), ക്യാപ്റ്റന്‍ ദസുന്‍ ഷനകയും (29) ചേര്‍ന്ന് ലങ്കയെ പയ്യെ കൈപിടിച്ചുയർത്തി. രജപക്സെയെ മടക്കി ബെര്‍ണാണ്‍ഡ് സ്കോട്സ് നമീബിയക്ക് ബ്രേക്ക് ത്രൂ നൽകി. പിന്നാലെ 4 റൺസെടുത്ത വാനിന്ദു ഹസരങ്കയും മടങ്ങിയതോടെ ലങ്ക തകർന്നു. 3 പന്തില്‍ 29 റൺസെടുത്ത ക്യാപ്റ്റന്‍ ഷനകയും റണ്‍റേറ്റിന്റെ സമ്മര്‍ദ്ദത്തില്‍ വീണതോടെ ലങ്ക തോല്‍വി ഉറപ്പിച്ചു.
വാലറ്റക്കാരെ അധികം പിടിച്ചു നില്ക്കാന് സമ്മതിക്കാതെ ലങ്കയെ 100 കടന്നതിന് പിന്നാലെ നമീബിയ ചരിത്രവിജയം ആഘോഷിച്ചു. നമീബിയക്കായി ബെര്‍ണാണ്‍ഡ് സ്കോള്‍ട്സ്, ബെന്‍ ഷിക്കോംഗോ, ജാന്‍ ഫ്രൈലിങ്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.






































