ഗാംഗുലിയ്ക്ക് പിന്തുണയുമായി ബിസിസിഐ സെക്രട്ടറി അരുണ്‍ ധുമാല്‍
ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയ്ക്ക് പിന്തുണയുമായി സംഘടനയുടെ സെക്രട്ടറി അരുണ്‍ ധുമാല്‍. ഗാംഗുലി പ്രസിഡന്റ് സ്ഥാനമേറ്റെടുത്തതു മുതല്‍ ആരും തന്നെ അദ്ദേഹത്തിനെതിരേ ശബ്ദമുയര്ത്തിയിട്ടില്ലെന്ന് അരുണ്‍ ധുമാല്‍ പറഞ്ഞു.
തിങ്കളാഴ്ച നടക്കുന്ന ബിസിസിഐ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചശേഷം സംസാരിക്കുകയായിരുന്നു നിലവിലെ ട്രഷററും നിയുക്ത ഐപിഎല്‍ ചെയര്‍മാനുമായ അരുണ്‍ ധുമാല്‍. ബിസിസിഐയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളിലും ഗാംഗുലി ഭാഗമായിരുന്നുവെന്നും സ്വതന്ത്ര ഇന്ത്യയില്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ആരും ഇരുന്നിട്ടില്ലെന്നും ധുമാല്‍ പറഞ്ഞു.
ബിസിസിഐ പ്രസിഡന്റെന്ന നിലയില്‍ ടീം വര്‍ക്കിലൂടെ ദാദ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാനും ഗാംഗുലിയുടെ നേതൃത്വത്തിന് കഴിഞ്ഞെന്നും ധുമാല്‍ പറഞ്ഞു.
പുതിയ പ്രസിഡന്റിനെ ഒക്ടോബര്‍ 18 നാണ് തിരഞ്ഞെടുക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ റോജര്‍ ബിന്നിയായിരിക്കും പുതിയ ബി.സി.സി.ഐ. പ്രസിഡന്റ്. നിലവില്‍ ട്രഷററായ അരുണ്‍ ധുമാല്‍ ഐ.പി.എല്ലിന്റെ ചെയര്‍മാനാകും. ബി.സി.സി.ഐയുടെ സെക്രട്ടറിയായി ജയ് ഷായും വൈസ് പ്രസിഡന്റായി രാജീവ് ശുക്ലയും തുടരും. ആശിഷ് ഷെലാറാണ് പുതിയ ട്രഷറര്‍.






































