Cricket Cricket-International Top News

ഏഷ്യാ കപ്പ് വനിതാ ട്വന്റി 20 ക്രിക്കറ്റില്‍ മുത്തമിട്ട് ഇന്ത്യ, ഫൈനലിൽ ലങ്കയ്ക്കെതിരെ 8 വിക്കറ്റ് ജയം

October 15, 2022

author:

ഏഷ്യാ കപ്പ് വനിതാ ട്വന്റി 20 ക്രിക്കറ്റില്‍ മുത്തമിട്ട് ഇന്ത്യ, ഫൈനലിൽ ലങ്കയ്ക്കെതിരെ 8 വിക്കറ്റ് ജയം

2022 ഏഷ്യാ കപ്പ് വനിതാ ട്വന്റി 20 ക്രിക്കറ്റില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ ശ്രീലങ്കയെ ഏട്ട് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ശ്രീലങ്ക ഉയര്‍ത്തിയ 66 റണ്‍സ് വിജയലക്ഷ്യം 8.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇന്ത്യന്‍ വനിതകളുടെ ഏഴാം എഷ്യാകപ്പ് കിരീടമാണിത്.

ആദ്യ കിരീടമെന്ന മോഹവുമായി കലാശപ്പോരിനിറങ്ങിയ ശ്രീലങ്ക നിരാശയോടെ മടങ്ങി. വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് ഷെഫാലി വര്‍മ (5), ജമീമ റോഡ്രിഗസ് (2) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. സ്മൃതി മന്ഥാന (25 പന്തില്‍ പുറത്താവാതെ 51) അര്‍ധ സെഞ്ചുറി നേടി. മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മന്ഥാനയുടെ ഇന്നിംഗ്‌സ്.

ഹര്‍മന്‍പ്രീത് കൗര്‍ (11) പുറത്താവാതെ നിന്നു. ഇനോക രണവീര, കവിഷ ദില്‍ഹാരി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ, രേണുകയ്ക്ക് പുറമെ രാജേശ്വരി ഗെയ്കവാദ്, സ്‌നേഹ് റാണ രണ്ട് വിക്കറ്റെടുത്തു. ഒഷാഡി രണസിംഗെ (13), ഇനോക രണവീരെ (18) എന്നിവര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കണ്ടത്.

മൂന്ന് ഓവറില്‍ ഒരു മെയിഡിനുള്‍പ്പടെ അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത രേണുക സിങ്ങാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. രാജേശ്വരി ഗയക്വാദും സ്‌നേഹ റാണയും രണ്ട് വീതം വിക്കറ്റെടുത്തു.

Leave a comment