Cricket Top News

ലോകകപ്പ് ക്രിക്കറ്റ് 2019: മികച്ച അഞ്ച് ഇന്നിങ്‌സുകൾ

July 22, 2019

author:

ലോകകപ്പ് ക്രിക്കറ്റ് 2019: മികച്ച അഞ്ച് ഇന്നിങ്‌സുകൾ

2019 ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ ജൂലൈ പതിനാലോടെ അവസാനിച്ചു. ഈ ലോകകപ്പിൽ ഫൈനലിൽ പല നാടകീയതകൾ നടന്നെങ്കിലും കിരീടം അവസാനം ഇംഗ്ലണ്ട് തന്നെ സ്വന്തമാക്കി. നാൽപ്പത്തിയെട്ട് മത്സരങ്ങൾ ആണ് ലോകകപ്പിൽ നടന്നത്. ഇതിൽ പല അത്ഭുതങ്ങളും, ട്വിസ്റ്റുകളും എല്ലാം നടന്നു. കുറെ മികച്ച ഇന്നിങ്‌സുകളും കാണാൻ കഴിഞ്ഞു. അവയിൽ മികച്ച അഞ്ച് ഇന്നിങ്‌സുകൾ ഒന്ന് നോക്കാം:

ന്യൂസിലൻഡിനെതിരെ കാർലോസ് ബ്രാത്‌വൈറ്റിൻറെ താണ്ഡവം 

ലോകകപ്പ് ക്രിക്കറ്റിലെ ഇരുപത്തിയൊമ്പതാം മത്സരത്തിലാണ് ഈ മികച്ച ഇന്നിങ്‌സ് കാണാൻ സാധിച്ചത്. ന്യൂസിലൻഡ് വെസ്റ്റിൻഡീസ് മത്സരം, ആദ്യ ബാറ്റ് ചെയ്ത ന്യൂസിലൻഡ് കെയിൻ വില്യംസണിൻറെ ബാറ്റിംഗ് മികവിൽ അമ്പത് ഓവറിൽ 291 റൺസ് നേടി.മറുപടി ബാറ്റിങ്ങിൽ  ക്രിസ് ഗെയിലും ഷിമ്രോൺ ഹെറ്റ്മിയറും മികച്ച ബാറ്റിങ് നടത്തി. ഇരുവരും ചേർന്ന് 122 റൺസ് അടിച്ചുകൂട്ടി. എന്നാൽ  ഇവർ പുറത്തായപ്പോൾ  വിൻഡീസിന്റെ ബാറ്റിങ് ചീട്ട് കൊട്ടാരം പോലെ തകർന്നു. 291 റൺസ് പിന്തുടർന്ന വിൻഡീസ് ഏഴിന് 164 റൺസ് എന്ന നിലയിലേക്ക് കൂപ്പ് കുത്തി. ബൗളിങ്ങിൽ ബോൾട്ടും ലോക്കി ഫെർഗൂസണും, ഇരുവരും ചേർന്ന് അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഈ സമയത്താണ് ബ്രാത്‌വൈറ്റിൻറെ താണ്ഡവം കാണാൻ കഴിഞ്ഞത്. 2019 ലോകകപ്പിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് ആണ് പിന്നീട് കാണാൻ കഴിഞ്ഞത്. മൂന്ന് വിക്കറ്റും 61 പന്തും ബാക്കി നിൽക്കെ ന്യൂസിലൻഡ് ബൗളർമാരെ കണക്കിന് തല്ലി ബ്രാത്‌വൈറ്റ് മികച്ച ഒരു ഇന്നിങ്‌സ് ആണ് കാഴ്ചവെച്ചത്.

പതിയ കളിച്ചുതുടങ്ങിയ ബ്രാത്‌വൈറ്റ് പിന്നീട് സാഹചര്യങ്ങൾ അനുകൂലം അല്ലെന്ന് കണ്ട് ബാറ്റിങ് ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഒൻപതാം വിക്കറ്റ് വീണപ്പോൾ വിൻഡീസിന് ജയിക്കാൻ വേണ്ടത് അഞ്ച് ഓവറിൽ 47 റൺസായിരുന്നു. ഒരു സമ്മർദ്ദം പോലും ഇല്ലാതെ ഒറ്റയാൾ പോരാട്ടം ബ്രാത്‌വൈറ്റ് വീണ്ടും തുടർന്നു. നാല്പത്തിയെട്ടാം ഓവറിൽ മാറ്റ് ഹെൻ‌റിയെ നക്ഷത്രങ്ങൾ കാണിച്ച ബ്രാത്‌വൈറ്റ് നേടിയത് 25 റൺസ്. മൂന്ന് സിക്‌സും, ഒരു ഫോറും ആണ് ബ്രാത്‌വൈറ്റ് നേടിയത്. ഇതോടെ 12 പന്തിൽ എട്ട് റൺസ് ജയിക്കാൻ എന്ന നിലയിലായി. നാൽപ്പത്തിയൊമ്പതാം ഓവർ എറിയാൻ കെയിൻ വില്യംസൺ ഏൽപ്പിച്ചത് ജെയിംസ് നീഷാമിനെ. ഈ ഓവറിൽ ബ്രാത്‌വൈറ്റ് നാല് പന്തുകളിൽ റൺസ് നേടിയില്ല. നാലാം പന്തിൽ രണ്ട് നേടിയ താരം അവസാന പന്തിൽ കൂറ്റനാടിക്ക് ശ്രമിച്ചു പന്ത് ആകാശത്തേക്ക് ഉയർന്ന്  ബൗണ്ടറി ലൈനിനരികിൽ നിന്ന ബോൾട്ടിന്റെ കൈയിൽ ഒതുങ്ങി. കളി കണ്ടിരുന്ന എല്ലാ ക്രിക്കറ്റ് ആരാധകരും  കൈയിൽ തലവെച്ച നിമിഷം, ആ മികച്ച ഇന്നിങ്സിന് നാല്പത്തിയൊമ്പതാം ഓവറിൽ അവസാനം. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഇന്നിങ്സിന് വിരാമം ആവുകയും ചെയ്തു. ഔട്ട് ആയതിന് ശേഷം മൈതാനത്ത് തകർന്ന് മുട്ടകുത്തിയിരിക്കുന്ന ബ്രാത്‌വൈറ്റിൻറെ മുഖവും, അദ്ദേഹത്തിൻറെ ഇന്നിങ്ങ്‌സും  ഈ ലോകകപ്പിലെ ഏറ്റവും  മികച്ചതായിരുന്നു. 82 പന്തിൽ നിന്ന് ബ്രാത്‌വൈറ്റ് 102 റൺസ് നേടി. ഇതിൽ ഒൻപത് ബൗണ്ടറിയും അഞ്ച് സിക്‌സും ഉൾപ്പെടുന്നു.  

ഓസ്‌ട്രേലിയയുടെ എട്ടാം നമ്പറിലെ അത്ഭുതം 

ലോകകപ്പിലെ പത്താം മത്സരത്തിലാണ് മറ്റൊരു മികച്ച ഇന്നിംഗ്സ് കാണാൻ സാധിച്ചത്.  വിൻഡീസ് ആക്രമണത്തിൽ പതറിയ ആസ്‌ട്രേലിയ 6-ന് 147 എന്ന നിലയിൽ പരുങ്ങിയ സമയത്താണ് എട്ടാമനായി ഈ തരാം എത്തിയത്. പത്തൊമ്പത് ഓവർ ബാക്കി നിൽക്കെയാണ് കോൾട്ടർ-നൈൽ സ്റ്റീവ് സ്മിത്തിനൊപ്പം ബാറ്റ് ചെയ്യാൻ എത്തിയത്. സ്മിത്തിന് സപ്പോർട്ട് കൊടുക്കാൻ എത്തിയ താരം പതുക്കെ സ്മിത്തിനൊപ്പം റൺസ് നേടാൻ തുടങ്ങി. അനാവശ്യ ഷോട്ടുകൾ ഒഴിവാക്കി നല്ല പന്തുകൾ മാത്രം നോക്കി കളിച്ച് സ്മിത്തിന് വേണ്ട സപ്പോർട്ടും നൽകി. എന്നാൽ സ്മിത്തിൻറെ ഇന്നിങ്‌സ് 73-ൽ അവസാനിച്ചു. ഇരുവരും ചേർന്ന് 88 റൺസ് നേടി. പിന്നീട് കോൾട്ടർ-നൈലിൻറെ  ഒറ്റയാൾ പോരാട്ടമാണ് കാണാൻ കഴിഞ്ഞത്. മോശം പന്തുകൾ തിരഞ്ഞ് പിടിച്ച് ബൗണ്ടറി പായിക്കാൻ തുടങ്ങിയ താരം 92 റൺസിൽ പുറത്തായി. എട്ടാം നമ്പറിൽ ഇറങ്ങിയ ഒരു താരം ക്രിക്കറ്റിൽ നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറർ കോൾട്ടർ-നൈൽ നേടിയത്. 60 പന്തിൽ നിന്നാണ് 92 റൺസ് നേടിയത്. നാല് സിക്‌സും, എട്ട് ബൗണ്ടറികളുമാണ് കോൾട്ടർ-നൈൽ നേടിയത്. തന്റെ ആദ്യ സെഞ്ചുറിയിലേക്ക് നീങ്ങിയ താരം അവസാന ഓവറിൽ ടീമിന് റൺസ് നേടിക്കൊടുക്കാൻ വലിയ അടികൾക്ക് മുതിർന്നതോടെ അദ്ദേഹത്തിന് സെഞ്ചുറി നഷ്ട്ടപ്പെട്ടു. എന്നാൽ കോൾട്ടർ-നൈൽ എന്ന താരത്തിന്റെ മികച്ച ഇന്നിങ്സിൽ ആണ് ഓസ്‌ട്രേലിയ പൊരുതാവുന്ന സ്‌കോറിൽ എത്തുകയും വിൻഡീസിനെ തോൽപ്പിക്കുകയും ചെയ്തത്.

ഹിറ്റ്മാന്റെ മനോഹരമായ ചേസ്      

ഒരു മത്സരത്തിൽ എങ്ങനെ ചേസ് ചെയ്ത ജയിക്കണമെന്ന് ഹിറ്റ്മാന് നല്ലവണ്ണം അറിയാം. സാഹചര്യങ്ങൾ മനസിലാക്കി കളി എങ്ങനെ കൊണ്ടുപോകണമെന്ന് അദ്ദേഹം പലപ്പോഴും കാണിച്ചു തന്നിട്ടുണ്ട്. അതേപോലെ ഒരു ഇന്നിങ്സ് ആണ് രോഹിത് ശർമ്മ ലോകകപ്പിലെ എട്ടാം മത്സരത്തിൽ കാഴ്ചവെച്ചത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 227 എന്ന ചെറിയ സ്‌കോർ പിന്തുടർന്ന ഇന്ത്യക്ക് ആദ്യ വിക്കറ്റുകൾ നേരത്തെ നഷ്ട്ടമായി. ധവാനും,രാഹുലും, കോഹ്‌ലിയും പെട്ടെന്ന് പുറത്തായി. എന്നാൽ ഒരു സൈഡിൽ പാറ പോലെ ഉറച്ചു നിന്ന രോഹിത് പതിയെ റൺസ് കയറ്റികൊണ്ടിരുന്നു. 139ന് മൂന്ന് എന്ന നിലയിൽ നിന്ന് ധോണിയേയും കൂട്ട് പിടിച്ച് ഇന്ത്യയെ കരകയറ്റുകയായിരുന്നു. അനാവശ്യ ഷോട്ടുകൾക്ക് മുതിരാതെ നിന്ന് കളിച്ച രോഹിത് ഇന്ത്യയെ വിജയത്തിൽ എത്തിച്ചു.  ബാറ്റിംഗ് ദുഷ്‌കരമായ മത്സരത്തിൽ പുറത്താകാതെ 122 റൺസ് ആണ് രോഹിത് നേടിയത്.   രണ്ട് സിക്‌സും, 13 ബൗണ്ടറികളുമാണ് താരം നേടിയത്.

ന്യൂസിലൻഡ് മിശിഹ കെയിൻ വില്യംസൺ

ഈ ലോകകപ്പിൽ ന്യൂസിലൻഡിനെ ഫൈനലിൽ വരെ എത്തിച്ചതിൽ ഏറ്റവും കൂടുതൽ പങ്ക് വഹിച്ച താരമാണ് കെയിൻ വില്യംസൺ. ക്യാപ്റ്റൻ എന്ന നിലയിലും, ബാറ്റ്സ്മാൻ എന്ന നിലയിലും ഒരു പോലെ തിളങ്ങിയ താരം എവിടെയൊക്കെ ന്യൂസിലൻഡ് തളരുന്നുവോ അവിടെ അവരെ സഹായിക്കാൻ വില്യംസൺ ഉണ്ടാകും. ഈ ലോക്കപ്പിൽ മികച്ച ഇന്നിങ്‌സ് ആണ് വില്യംസൺ കാഴ്ചവെച്ചത്. അതിൽ ഒന്നാണ് ലോകകപ്പിലെ ഇരുപത്തിയഞ്ചാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പുറത്താകാതെ നേടിയ 106 റൺസ്. 242 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡിന് 80-4 എന്ന നിലയിൽ കൂപ്പുകുത്തേണ്ടി വന്നു അവിടുന്ന് ന്യൂസിലൻഡിനെ ഉയർത്തെഴുനേൽപ്പിച്ചത് വില്യംസൺ എന്ന ബാറ്റ്സ്മാൻ ആണ്. മറ്റ് ബസ്റ്സ്മാന്മാർ റൺസെടുക്കാൻ വിഷമിച്ചപ്പോൾ വില്യംസൺ അപകടസാധ്യതയില്ലാത്ത ക്രിക്കറ്റ് കളിക്കുകയും ആവശ്യമായ റൺ നിരക്ക് നിയന്ത്രിക്കുകയും ചെയ്തു. 138 പന്തുകളിൽ നിന്ന് 106 റൺസ് നേടിയ താരം ഒൻപത് ബൗണ്ടറിയും, ഒരു സിക്‌സും ആണ് നേടിയത്. 

 ഇംഗ്ലണ്ടിന്റെ രക്ഷകൻ ബെൻ സ്റ്റോക്സ്

ഈ ലോകകപ്പിൽ ഞെട്ടിക്കുന്ന പ്രകടനം നടത്തിയ താരങ്ങളിൽ ഒരാൾ ആണ് ബേൺസ്‌റ്റോക്സ്. ലോകകപ്പിൽ ഏതൊക്കെ മത്സരങ്ങളിൽ ഇംഗ്ലണ്ട് മുൻ നിര താരങ്ങൾ പരാജയപ്പെട്ടുവോ അവിടെ ഇംഗ്ലണ്ട് ടീമിന് രക്ഷകനായി എത്തിയിരുന്നത് ബെൻ സ്റ്റോക്സ് ആയിരുന്നു. അതു തന്നെയാണ് ഫൈനലിൽ കാണാൻ സാധിച്ചത്. 242 റൺസ് വിജയലക്ഷ്യവുമായി ഫൈനലിൽ ന്യൂസിലൻഡിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് അവരുടെ മുൻനിര താരങ്ങളെയെല്ലാം 86 റൺസ് നേടുന്നതിനിടയിൽ നഷ്ട്ടമായി. പിന്നീട് എത്തിയ ബെൻ സ്റ്റോക്സ് വലിയ ഒരു ഇന്നിംഗ്സ് ആണ് കാഴ്ചവെച്ചത്.  അഞ്ചാം വിക്കറ്റിൽ ജോസ് ബട്ലറുമായി ചേർന്ന് 110 റൺസ് ആണ് നേടിയത്. ബട്ലർ പുറത്തായതിന് ശേഷം ഒരു വശത്ത് വിക്കറ്റുകൾ നഷ്ടമായപ്പോൾ സിസ്‌കും, മരണപ്പാച്ചിൽ ഓട്ടവുമായി ബേൺസ്‌റ്റോക്സ് ഇംഗ്ലണ്ടിനെ സമനിലയിൽ എത്തിച്ചു. ബട്ലർ പുറത്തായതിന് ശേഷം അസാമാന്യ പ്രകടനമാണ് ബേൺസ്‌റ്റോക്സ് കാഴ്ചവെച്ചത്. 98 പന്തിൽ 84 റൺസ് ആണ് താരം നേടിയത്. അഞ്ച് ബൗണ്ടറിയും, രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ഈ ഇന്നിങ്‌സ് ആണ് ഇംഗ്ലണ്ടിനെ ആദ്യമായി ലോകകപ്പ് കിരീടം ഉയർത്താൻ സഹായിച്ചത്. 

 

              

 

 

Leave a comment