മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 100 റണ്‍സ് വിജയലക്ഷ്യം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 100 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ 27.1 ഓവറില്‍ 99 റണ്‍സിന് ഓള്‍ ഔട്ടാക്കി. 34 റണ്‍സെടുത്ത ഹെയ്ന്റിച്ച് ക്ലാസനാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ വെറും മൂന്നുപേര്‍മാത്രമാണ് രണ്ടക്കം കണ്ടത്. സ്പിന്നര്‍മാരാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്.
ടോസിലെ നിര്‍ഭാഗ്യം ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിലും പിന്തുടര്‍ന്നു. പിച്ചിലെ സ്പിന്‍ കണ്ട് ആദ്യ ഓവര്‍ തന്നെ വാഷിംഗ്ടണ്‍ സുന്ദറിനെ ഏല്‍പ്പിച്ച ക്യാപ്റ്റന്‍ ശിഖറ്‍ ധവാന്‍റെ തന്ത്രം ഫലിച്ചു. മൂന്നാം ഓവറില്‍ ക്വിന്‍റണ്‍ ഡി കോക്ക് (6) പുറത്ത്. റീസാ ഹെന്‍ഡ്രിക്കസും(3) ജാനെമാന്‍ മലനും (15) ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ കരകയറ്റുമെന്ന് കരുതിയെങ്കിലും ഇരുവരെയും വീഴ്ത്തി മുഹമ്മദ് സിറാജ് ദക്ഷിണാഫ്രിക്കയുടെ തലതകര്‍ത്തു.
കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്തടിച്ച ഏയ്ഡന്‍ മാര്‍ക്രത്തെ (9) ഷഹബാസ് അഹമ്മദ് മടക്കിയതോടെ 43-4ലേക്ക് ദക്ഷിണാഫ്രിക്ക കൂപ്പുകുത്തി. അപകടകാരിയായ ഡേവിഡ് മില്ലറും (7) ആന്‍ഡില്‍ ഫെലുക്വായോയും (5) നിലയുറപ്പിക്കുംമുന്‍പ് പുറത്തായതോടെ ദക്ഷിണാഫ്രിക്ക വലിയ തകര്‍ച്ചയിലേക്ക് വീണു. വെറും 71 റണ്‍സെടുക്കുന്നതിനിടെ ആറുവിക്കറ്റുകള്‍ നിലംപൊത്തി. പൊരുതി നിന്ന ക്ലാസനെ(34) ഷഹബാസ് ബൗള്‍ഡാക്കിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കയുടെ വാലരിഞ്ഞ് കുല്‍ദീപ് ഇന്നിംഗ്സിന് തിരശീലയിട്ടു.
ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലോവറില്‍ 15 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് യാദവ് 4.1 ഓവറില്‍ 18 റണ്‍സിന് നാല് വിക്കറ്റെടുത്തു.






































