അടിപൂരം, ദക്ഷിണാഫ്രിക്കക്ക് മുന്നിൽ 238 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ 238 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തകര്‍ത്തടിച്ച ബാറ്റര്‍മാരുടെ മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തു.
കെഎല്‍ രാഹുല്‍ (28 പന്തില്‍ 57), രോഹിത് ശര്‍മ്മ (37 പന്തില്‍ 43), സൂര്യകുമാര്‍ യാദവ് (22 പന്തില്‍ 61), വിരാട് കോലി (28 പന്തില്‍ 49*), ദിനേശ് കാർത്തിക് (7 പന്തില്‍ 17*) എന്നിവരാണ് തിളങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി രോഹിത് ശര്‍മ – കെ.എല്‍ രാഹുല്‍ ഓപ്പണിങ് സഖ്യം തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 59 പന്തില്‍ നിന്ന് 96 റണ്‍സ് അടിച്ചുകൂട്ടിയ ഈ സഖ്യം പിരിച്ചത് സ്പിന്നര്‍ കേശവ് മഹാരാജാണ്.
പിന്നാലെ രാഹുലിനെയും മഹാരാജ് വീഴ്ത്തി. 28 പന്തില്‍ നിന്ന് നാല് സിക്സും അഞ്ച് ഫോറുമടക്കം 57 റണ്‍സെടുത്ത് തകര്‍പ്പന്‍ ഫോമിലായിരുന്ന രാഹുല്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. എന്നാൽ പിന്നീട് ക്രീസിലൊന്നിച്ച കോലി-യാദവ് സഖ്യം കൂടി തകർത്തടിച്ചതോടെ സ്കോർ അതിവേഗം കുതിക്കുകയായിരുന്നു.
102 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്കോറിലേക്ക് ചേര്‍ത്തത്. വെറും 18 പന്തില്‍ നിന്ന് 50 തികച്ച സുര്യ വെറും 22 പന്തില്‍ നിന്ന് അഞ്ച് സിക്സും അഞ്ച് ഫോറുമടക്കം 61 റണ്‍സെടുത്ത് റണ്ണൗട്ടാകുകയായിരുന്നു. 28 പന്തുകള്‍ നേരിട്ട കോലി ഒരു സിക്സും ഏഴ് ഫോറുമടക്കം 49 റണ്‍സോടെ പുറത്താകാതെ നിന്നു. ദിനേഷ് കാര്‍ത്തിക്ക് വെറും ഏഴു പന്തില്‍ നിന്ന് 17 റണ്‍സെടുത്തു.
കേശവ് മഹാരാജ് ഒഴികെയുള്ള ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെല്ലാം നന്നായി തല്ലുവാങ്ങി. വെയ്ന്‍ പാര്‍നല്‍ നാല് ഓവറില്‍ 54 റണ്‍സും ലുങ്കി എന്‍ഗിഡി 49 റണ്‍സും കാഗിസോ റബാദ 57 റണ്‍സും ആന്റിച്ച് നോര്‍ക്യ മൂന്ന് ഓവറില്‍ 41 റണ്‍സും വഴങ്ങി.






































