ലോകകപ്പ് ടീമിൽ നിന്ന് ബുംറ പുറത്തായിട്ടില്ലെന്ന് ദ്രാവിഡ്
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്ക് പിന്നാലെ പുറംവേദന അനുഭവപ്പെട്ട ജസ്പ്രീത് ബുമ്ര ലോകകപ്പില്‍ കളിക്കില്ലെന്ന് തീര്‍ത്തു പറയാതെ ഇന്ത്യന്‍ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് ദ്രാവിഡ് ബുംറയെക്കുറിച്ച് സംസാരിച്ചത്.
ബുമ്ര ലോകകപ്പില്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ബിസിസിഐയോ ടീം മാനേജ്മെന്‍റോ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പുറംവേദനയെത്തുടര്‍ന്ന് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബുംറ നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലാണ്.
പരിക്കേറ്റ ബുംറ ഇപ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ്. ബുംറയുടെ പരിക്കുമായി ബന്ധപ്പെട്ട് അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിക്കും. അതിനുശേഷം മാത്രമേ അദ്ദേഹം ലോകകപ്പില്‍ കളിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തത വരൂവെന്ന് ദ്രാവിഡ് പറഞ്ഞു.