മങ്കാദിംഗിനോട് യോജിപ്പില്ലെന്ന നിലപാടിലുറച്ച് ബട്ലറും മൊയീന്‍ അലിയും
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെ മങ്കാദിംഗ് ചൂടുപിടിച്ച ചർച്ചയായി മുന്നോട്ടു നീങ്ങുകയാണ്. മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ താരം ദീപ്തി ശര്‍മ ഇംഗ്ലണ്ടിന്റെ ചാര്‍ലീ ഡീനിനെ റണ്ണൗട്ടാക്കിയതോടെയാണ് സംഭവം വീണ്ടും ചര്‍ച്ചയായത്.
ക്രീസ് വിട്ട നോണ്‍ സ്ട്രൈക്കറെ പുറത്താക്കുന്നതിനോട് യോജിപ്പില്ലെന്ന നിലപാടിലുറച്ച് ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീം നായകനായ ജോസ് ബട്ലറും വൈസ് ക്യാപ്റ്റൻ മൊയീന്‍ അലിയും. ഇത്തരം രീതികളോട് യോജിപ്പില്ലെന്നാണ് ഇരുവരും പറയുന്നത്.
”ക്രീസ് വിട്ട നോണ്‍ സ്ട്രൈക്കറെ റണ്ഔട്ടാക്കുന്നതിനോട് യോജിപ്പില്ല. തങ്ങളുടെ രീതിക്ക് അനുയോജ്യമല്ല അത്തരം പുറത്താകല്‍. ഏതെങ്കിലും ബൗളര്‍ അങ്ങനെ ചെയ്താല്‍, ആ ബാറ്ററെ തിരിച്ചുവിളിക്കും.” ഇരുവരും വ്യക്തമാക്കി. മങ്കാദിംഗ് എന്നതിന് പകരം റണ്‍ഔട്ട് എന്ന് തന്നെ ഉപയോഗിക്കാമെന്നും ഐസിസി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇംഗ്ലണ്ട് താരങ്ങളുടെ പ്രതികരണം. നേരത്തെ, ഐപിഎല്ലിനിടെ ബട്ലറെ അശ്വിന് മങ്കാദിംഗിലൂടെ പുറത്താക്കിയത് വിവാദമായിരുന്നു.
ഇംഗ്ലണ്ടിന് ജയിക്കാന്‍ 17 റണ്‍സ് മാത്രം വേണമെന്നിരിക്കെയാണ് ദീപ്തി, ഡീനിനെ മങ്കാദിംഗിലൂടെ പുറത്താക്കുന്നത്. ഫ്രേയ ഡേവിസുമായി 35 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി നില്‍ക്കെയാണ് സംഭവം. ഇതോടെ ഇന്ത്യ ജയിക്കുകയും പരമ്പര 3-0ത്തിന് തൂത്തുവാരുകയും ചെയ്തു.






































