ആദ്യ ടി20യില്‍ ടോസ് ഇംഗ്ലണ്ടിന്, പാകിസ്ഥാനെ ബാറ്റിംഗിനയച്ചു
ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൊയീന്‍ അലി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഏഴ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അതില്‍ ആദ്യത്തേതാണ് കറാച്ചിയില്‍ നടക്കുന്നത്. പരിക്കേറ്റ് പുറത്തിരിക്കുന്ന ക്യാപ്റ്റൻ ജോസ് ബട്‌ലറിന് പകരം മൊയീൻ അലിയാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്.
ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയോടേറ്റ തോല്‍വിക്ക് ശേഷമാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. ഈ പരമ്പരയ്ക്ക് ശേഷം ന്യൂസിലന്‍ഡും ബംഗ്ലാദേശും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിലും പാകിസ്ഥാന്‍ കളിക്കുന്നുണ്ട്. ഏഷ്യാ കപ്പില്‍ മോശം ഫോമിലായിരുന്ന ഫഖര്‍ സമാനെ പുറത്തിരുത്തിയാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്.
പരിക്കില്‍ നിന്നും മോചിതനല്ലാത്ത ഷഹീന്‍ അഫ്രീദിയേയും ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ലോകകപ്പിന് തൊട്ടുമുമ്പായിരിക്കും അഫ്രീദി ടീമിനൊപ്പം ചേരുക. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ രണ്ടോവർ പിന്നിട്ടപ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 15 റൺസ് എടുത്തിട്ടുണ്ട്.
ടീം പാകിസ്ഥാന്‍: ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഹൈദര്‍ അലി, ഷാന്‍ മസൂദ്, ഇഫ്തിഖര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് നവാസ്, ഉസ്മാന്‍ ഖാദിര്‍, ഹാരിസ് റൗഫ്, നസീം ഷാ, ഷാനവാസ് ദഹാനി.
ഇംഗ്ലണ്ട്: അലക്‌സ് ഹെയ്ല്‍സ്, ഫില്‍ സാള്‍ട്ട്, ഡേവിഡ് മലാന്‍, ബെന്‍ ഡുക്കറ്റ്, ഹാരി ബ്രൂക്ക്, മൊയീന്‍ അലി, സാം കറന്‍, ഡേവിഡ് വില്ലി, ആദില്‍ റഷീദ്, റിച്ചാര്‍ഡ് ഗ്ലീസണ്‍, ലൂക് വുഡ്.






































