നിർണായക മത്സരത്തിൽ ശ്രീലങ്കയോട് തോൽവി, ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷ അനിശ്ചിതത്വത്തിൽ
ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി ശ്രീലങ്കയ്ക്ക് ജയം. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന നിര്‍ണായകമായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ആറു വിക്കറ്റിനായിരുന്നു ലങ്കയുടെ ജയം.
ഇനി ഫൈനലില്‍ കടക്കണമെങ്കില്‍ കണക്കുകള്‍ക്കൊപ്പം മറ്റു ടീമുകളുടെ ജയപരാജയങ്ങള്‍ കൂടി ഇന്ത്യയെ തുണയ്ക്കണം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനാണ് സാധിച്ചത്. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
അര്‍ധ സെഞ്ചുറികള്‍ നേടിയ പഥും നിസ്സങ്കയും കുശാല്‍ മെന്‍ഡിസുമാണ് ലങ്കന്‍ വിജയത്തിന് അടിത്തറ പാകിയത്. 174 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് പഥും നിസ്സങ്ക – കുശാല്‍ മെന്‍ഡിസ് ഓപ്പണിങ് സഖ്യം സമ്മാനിച്ചത്.
52 റണ്‍സെടുത്ത നിസ്സങ്കയെ 12-ാം ഓവറില്‍ പുറത്താക്കി യുസ്‌വേന്ദ്ര ചാഹലാണ് ഇന്ത്യയ്ക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നീട് തുടര്‍ച്ചയായി ലങ്കയ്ക്ക് വിക്കറ്റുകള്‍ നഷ്ടമായി. ചരിത് അസലങ്കയും (0) ചാഹലിന് മുന്നില്‍ കീഴടങ്ങി. അതേ ഓവറില്‍ മെന്‍ഡിസിനെ ചാഹല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ ലങ്ക മൂന്നിന് 110 എന്ന നിലയിലായി. ധനുഷ്‌ക ഗുണതിലകയും (1) മടങ്ങിയതോടെ ഇന്ത്യക്ക് പ്രതീക്ഷ ലഭിച്ചു.
എന്നാല്‍ തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ഭാനുക രജപക്‌സ – ക്യാപ്റ്റന്‍ ദസുന്‍ ഷാനക സഖ്യം ഇന്ത്യയില്‍ നിന്ന് വീണ്ടും മത്സരം തിരിച്ചുപിടിക്കുകയായിരുന്നു. ഭാനുക രജപക്‌സ 17 പന്തില്‍ നിന്ന് 25 റണ്‍സോടെയും ദസുന്‍ ഷാനക 18 പന്തില്‍ നിന്ന് 33 റണ്‍സോടെയും പുറത്താകാതെ നിന്ന് വിജയം കൈപ്പിടിയിലാക്കുകയായിരുന്നു.






































