ആദ്യ ജയത്തിനു വേണ്ടി ലിവര്‍പൂളും യുണൈറ്റഡും നേര്‍ക്കുന്നേര്‍
ഇംഗ്ലീഷ് ഫുട്ബോൾ കലണ്ടറിലെ ഏറ്റവും ആരാധക ശ്രദ്ധ പിടിച്ചു പറ്റുന്ന ഗെയിം ഇന്ന് മാഞ്ചസ്റ്ററില്‍ നടക്കും.മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരാളികളായ ലിവർപൂളിനെ ഓൾഡ് ട്രാഫോഡിലേക്ക് സ്വാഗതം ചെയ്യുന്നു.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.
ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിനോടും ബ്രെന്റ്ഫോർഡിനോടും ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട മാൻ യുണൈറ്റഡ് നിലവിൽ പ്രീമിയർ ലീഗ് ടേബിളിൽ ഏറ്റവും താഴെയാണ്, കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ലിവർപൂൾ ഫുൾഹാമിനെതിരെയും ക്രിസ്റ്റൽ പാലസിനെതിരെയും തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു,ടേബിളില്‍ പന്ത്രണ്ടാം സ്ഥാനത്താണ് അവര്‍.ഇരു ടീമുകളും വിജയത്തിന് വേണ്ടി കൈമെയ് മറന്നു പോരാടും എന്നത് ഉറപ്പാണ്.ടീമിന്റെ നിലവാരവും സ്ക്വാഡ് ഡെപ്ത്തും അനുസരിച്ച് നോക്കുകയാണെങ്കില്‍ ഇതില്‍ മേല്‍ക്കൈ ലിവര്‍പൂളിനു തന്നെ ആണ്.കഴിഞ്ഞ സീസണില്‍ ഓൾഡ് ട്രാഫോഡിൽ 5-0 തോൽവിയും ആൻഫീൽഡിൽ 4-0 തോൽവിയും ഏറ്റുവാങ്ങി കൊണ്ട് കഴിഞ്ഞ സീസണിലെ തങ്ങളുടെ രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങളിലും മാൻ യുണൈറ്റഡിനെ ലിവര്‍പൂള്‍ നാണംകെടുത്തിയിരുന്നു.2018 മാർച്ച് മുതൽ ലിവര്‍പൂളിനെ തോല്‍പ്പിക്കാന്‍ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല.അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ ഒരു സമനില പോലും യുണൈറ്റഡിന് നല്കുന്ന ആത്മവിശ്വാസം വലുത് ആയിരിക്കും.






































