യുവെന്റസിലേക്ക് കൂടുമാറ്റം നടത്താനൊരുങ്ങി മെംഫിസ് ഡിപേ
ബാഴ്‌സലോണയിൽ നിന്നും യുവെന്റസിലേക്ക് കൂടുമാറ്റം നടത്താനൊരുങ്ങി ഡച്ച് ഫോർവേഡ് മെംഫിസ് ഡിപേ. 2023-ൽ നെതർലാൻഡ്‌സ് വിംഗറുടെ കരാർ അവസാനിക്കുന്ന സാഹചര്യത്തിൽ നിരവധി ടീമുകൾ ഡിപേയെ സ്വന്തമാക്കാനായി രംഗത്തെത്തിയിരുന്നു. എങ്കിലും തൽക്കാലും ഡച്ച് താരത്തെ ഒഴിവാക്കേണ്ട എന്നായിരുന്നു സ്പാനിഷ് വമ്പൻമാരുടെ തീരുമാനം.
എന്നാൽ സാമ്പത്തിക ബാധ്യത തുടരുന്ന സാഹചര്യത്തിൽ ഡിപേയെ ഒഴിവാക്കാനാണ് ചാവി ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന മുന്നേറ്റ താരത്തിനെ ടീമിലെത്തിക്കാൻ യുവെന്റസ് ഓഫർ നൽകിയതായാണ് സൂചന. എന്നാൽ ലോണടിസ്ഥാനത്തിലാവും സീരി എയിലേക്ക് ഡിപേ ചേക്കേറുക.
നേരത്തെ പിഎസ്‌വിയിലൂടെ വളർന്നു വന്ന താരം 2014-ലാണ് പ്രീമിയർ ലീഗിലെ വമ്പൻമാരായ യുണൈറ്റഡിൽ എത്തുന്നത്. ചുവന്ന ചെകുത്താൻമാരുടെ കുപ്പായത്തിൽ തിളങ്ങാനാവാതിരുന്ന താരം പിന്നീട് ഫ്രഞ്ച് ലീഗ് ടീമായ ലിയോണിലേക്ക് ചേക്കേറുകയായിരുന്നു. ലീഗ് വണ്ണിലെ ഗംഭീര പ്രകടനത്തിനു ശേഷമാണ് ബാഴ്‌സലോണയിലേക്ക് ഡിപേ എത്തുന്നത്.
ദേശീയ ടീമിന്റെ പരിശീലകനായിരുന്ന റൊണാൾഡ് കൂമനാണ് കാറ്റാലൻ ക്ലബിലേക്ക് മെംഫിസിനെ എത്തിച്ചത്. എന്നാൽ മോശം പ്രകടനത്തിന്റെ പേരിൽ കൂമനെ പുറത്താക്കിയപ്പോൾ പകരമെത്തിയ ചാവി മറ്റ് കളിക്കാർക്ക് മുൻഗണ കൊടുക്കുകയായിരുന്നു. ഇതോടെ സ്ഥാനം ബഞ്ചിലായ താരത്തിന് വരാനിരിക്കുന്ന ലോകകപ്പ് ടീമിൽ ഇടംപിടിക്കണമെങ്കിൽ മികച്ച പെർഫോമൻസ് യുവെന്റസിനൊപ്പം കാഴ്ച്ചവെച്ചേ മതിയാവൂ.






































