ഇംഗ്ലണ്ടിനെ തോൽപ്പിച്ച് രണ്ടാം ട്വന്റി 20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം
ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 58 റണ്‍സിന്റെ കിടിലൻ വിജയം. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 16.4 ഓവറില്‍ വെറും 149 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും 1-1 ന് സമനിലയായി. 55 പന്തുകളില്‍ നിന്ന് പുറത്താവാതെ 96 റണ്‍സ് നേടിയ റിലി റോസൗവാണ് ദക്ഷിണാഫ്രിക്കയെ കൂറ്റൻ സ്കോറിലെത്തിച്ചത്. താരം 55 പന്തുകളില്‍ നിന്ന് 10 ഫോറിന്റെയും ആറ് സിക്സിന്റെയും അകമ്പടിയോടെയാണ് 96 റണ്‍സെടുത്തത്. 32 പന്തുകളില്‍ നിന്ന് 53 റണ്‍സെടുത്ത റീസ ഹെന്‍ഡ്രിക്സും മികച്ച സംഭാവ ചെയ്തതും സന്ദർശകരെ 200 കടക്കാൻ സഹായിച്ചു.
മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്ക്കാവാത്തതാണ് കാണാനായത്. 30 റണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോ മാത്രമാണ് ഇംഗ്ലണ്ടിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തബ്റൈസ് ഷംസിയും ഫെലുക്വായോയും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി തിളങ്ങി. പരമ്പരയിലെ നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും മത്സരം ജൂലായ് 31 ന് നടക്കും. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ പരമ്പര നേടും.






































