ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ജയം
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ കിടിലൻ ജയം സ്വന്തമാക്കി ശ്രീലങ്ക. ലങ്കയെ വീണ്ടും ബാറ്റ് ചെയ്യിപ്പിക്കാന്‍ 190 റണ്‍സ് മറികടക്കേണ്ടിയിരുന്ന ഓസീസ് 151-ന് ഓൾഔട്ടാവുകയായിരുന്നു. ആറ് വിക്കറ്റ് നേടിയ പ്രഭാത് ജയസൂര്യയുടെ തികവാർന്ന ബോളിംഗാണ് ഓസീസിന്റെ നടുവൊടിച്ചത്. ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ജയസൂര്യ ആദ്യ ഇന്നിംഗ്‌സിലും ആറ് വിക്കറ്റ് പ്രകടനം നടത്തിയിരുന്നു.
ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര സമനിലയായി. നേരത്തെ 206 റണ്‍സുമായി പുറത്താവാതെ നിന്ന ദിനേശ് ചാന്ദിമലാണ് ശ്രീലങ്കയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഓസ്‌ട്രേലിയക്കെതിരെ ഒരു ശ്രീലങ്കന്‍ താരം നേടുന്ന ആദ്യ ഇരട്ട സെഞ്ചുറി കൂടിയാണിത്. ഹൊബാര്‍ട്ടില്‍ മുന്‍ ലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാര നേടിയ 192 റണ്‍സാണ് ചാണ്ഡിമല്‍ മറികടന്നത്.
ആദ്യ ഇന്നിംഗ്‌സില്‍ ഓസീസിന് വേണ്ടി തിളങ്ങിയത് ലബുഷെയ്‌നും (104), സ്റ്റീവ് സ്മിത്തും (145*) മാത്രമാണ്. അതേസമയം രണ്ടാം ഇന്നിംഗിസിൽ 32 റണ്‍സ് നേടിയ മര്‍നസ് ലബുഷെയ്‌നാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഉസ്മാന്‍ ഖവാജ (29), ഡേവിഡ് വാര്‍ണര്‍ (24), കാമറൂണ്‍ ഗ്രീന്‍ (23) അലക്‌സ് കാരി (16), പാറ്റ് കമ്മിന്‍സ് (16) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. സ്റ്റീവ് സ്മിത്ത് (0), ട്രാവിസ് ഹെഡ് (5), മിച്ചല്‍ സ്റ്റാര്‍ക്ക് (0), നഥാന്‍ ലിയോണ്‍ (5), മിച്ചല്‍ സ്വെപ്‌സണ്‍ (0) എന്നിവരെല്ലാം നിരാശപ്പെടുത്തുകയും ചെയ്‌തു.






































