ഐസിസി വനിതാ ഏകദിന പ്ലെയർ റാങ്കിംഗിൽ മുന്നേറ്റവുമായി ഇന്ത്യൻ താരങ്ങൾ
എംആർഎഫ് ടയേഴ്സ് ഐസിസി വനിതാ ഏകദിന പ്ലെയർ റാങ്കിംഗിൽ മുന്നേറ്റവുമായി ഇന്ത്യൻ താരങ്ങൾ. പലേക്കലെയിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ ഐസിസി വനിതാ ചാമ്പ്യൻഷിപ്പ് (ഐഡബ്ല്യുസി) പരമ്പരയിലെ മിന്നും പ്രകടനങ്ങളാണ് താരങ്ങൾക്ക് റാങ്കിംഗിൽ മുന്നേറാൻ കാരണമായത്.
ഓൾറൗണ്ടർ ദീപ്തി ശർമ്മയും ഓപ്പണർ ഷഫാലി വർമയും എംആർഎഫ് ടയേഴ്സ് ഐസിസി വനിതാ ഏകദിന പ്ലെയർ റാങ്കിംഗിൽ തങ്ങളുടെ സ്ഥാനങ്ങളിൽ കാര്യമായ പുരോഗതി നേടി. ആദ്യ ഏകദിനത്തിൽ 25 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തി പുറത്താകാതെ 22 റൺസ് നേടി പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടിയ ദീപ്തി ശർമ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 29-ാം സ്ഥാനത്തും ബോളർമാരിൽ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 16-ാം സ്ഥാനത്തും എത്തി.
രണ്ടാം മത്സരത്തിൽ പുറത്താകാതെ 71 റൺസ് ഉൾപ്പെടെ 106 റൺസുമായി പരമ്പരയിലെ റൺ അഗ്രഗേറ്റിൽ മുന്നിൽ നിൽക്കുന്ന ഷഫാലി വർമ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ 12 സ്ഥാനങ്ങൾ ഉയർന്ന് 36–ാം സ്ഥാനത്തെത്തി. നിലവിൽ ടി20യിൽ അഞ്ചാം സ്ഥാനത്താണ് താരമെങ്കിലും മുമ്പ് ക്രിക്കറ്റിന്റെ ചെറിയ ഫോർമാറ്റിൽ ഒന്നാം സ്ഥാനത്തായിരുന്നു.
പൂജ വസ്ത്രകർ മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് 61-ാം സ്ഥാനത്തെത്തിയപ്പോൾ രാജേശ്വരി ഗയക്വാദ് നാല് സ്ഥാനങ്ങൾ ഉയർന്ന് 93-ാം സ്ഥാനത്തെത്തി. മേഘ്ന സിംഗ് ഏഴ് സ്ഥാനങ്ങൾ ഉയർന്ന് 100-ാം സ്ഥാനത്തെത്തി. എന്നിവരാണ് ബാറ്റർമാരുടെ പട്ടികയിൽ മുന്നേറുന്ന മറ്റ് ഇന്ത്യൻ താരങ്ങൾ. ബോളർമാരുടെ പട്ടികയിൽ ഗയക്വാദ് 12-ൽ നിന്ന് 11-ാം സ്ഥാനത്തേക്കും മേഘ്ന 58-ൽ നിന്ന് 47-ാം സ്ഥാനത്തേക്കും വസ്ത്രാകർ 57-ൽ നിന്ന് 50-ാം സ്ഥാനത്തേക്കും എത്തി.






































