വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം റുമേലി ധർ
മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ റുമേലി ധർ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 38 വയസുള്ള താരം ഇന്ത്യക്കായി നാല് ടെസ്റ്റുകളും 78 ഏകദിനങ്ങളും 18 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
2003-ൽ ഇംഗ്ലണ്ടിനെതിരെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച റുമേലി ധർ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 അന്താരാഷ്ട്ര പരമ്പരയിൽ പരിക്കേറ്റ ജുലൻ ഗോസ്വാമിക്ക് പകരം ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2018-ൽ ദേശീയ ടീമിലേക്ക് തിരിച്ചുവന്നിരുന്നു. 2005 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ എത്തിയപ്പോൾ ഒരു ഓൾറൗണ്ടറെന്ന നിലയിൽ ടീമിലെ സുപ്രധാന താരമായിരുന്നു റുമേലി. തന്റെ യാത്രയിൽ പങ്കുവഹിച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് ധാർ ഇൻസ്റ്റഗ്രാമിലാണ് ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.






































