മറഡോണ സീരി എയിൽ എത്തിയതു പോലെയാകും ഡിമരിയയുടെ വരവെന്ന് ബുഫണിന്റെ വാഴ്ത്തൽ
അർജന്റീനിയൻ താരമായ ഏഞ്ചൽ ഡി മരിയ യുവെന്റസിലേക്കു വരുന്നത് ഡീഗോ മറഡോണ സീരി എയിൽ എത്തിയതു പോലെയാകുമെന്ന് ക്ലബിന്റെ ഇതിഹാസ ഗോൾകീപ്പറായ ജിയാൻലൂയിജി ബുഫൺ .മികച്ച കഴിവുകളുള്ള മുപ്പത്തിനാല് വയസുള്ള താരത്തിന് മുൻപ് നാപ്പോളിയിലെത്തി സീരി എയും ഇറ്റലിയും കീഴടക്കിയ ഡീഗോ മറഡോണയെപ്പോലെ അത്ഭുത പ്രകടനം നടത്താൻ കഴിയുമെന്നാണ് ബുഫണിന്റെ അഭിപ്രായം.
ബുഫൺ പിഎസ്ജിയിൽ കളിച്ചിരുന്ന സമയത്ത് ഡി മരിയയുമായി ചേർന്നു പ്രവർത്തിച്ചിട്ടുണ്ട് എന്നതാണ് ഡി മരിയയെ വാനോളം പുകഴ്ത്താനുണ്ടായ കാരണം. എതിരാളികളെ വളരെ അനായാസം ഡ്രിബിൾ ചെയ്തു പോകുന്ന താരം ഗോളിനു മുന്നിൽ നിർണായക സാന്നിധ്യമാവാൻ കഴിയുമെന്നും ബുഫൺ കൂട്ടിച്ചേർത്തു.
കൂടാതെ വൈവിധ്യമായ നിരവധി പൊസിഷനുകളിൽ കളിക്കാനും ഡി മരിയക്കാവുമെന്നതും യുവെന്റസിന് നേട്ടമാവും. പിഎസ്ജി കരാർ അവസാനിച്ച ഡി മരിയ ഇറ്റാലിയൻ ക്ലബുമായി ചർച്ചകൾ നടത്തുന്ന സാഹചര്യത്തിലാണ് ബഫണിന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.






































