ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ദിനേശ് കാര്‍ത്തിക്
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യക്ക് കരുത്തായ ദിനേശ് കാർത്തിക്കിന് ഒരു റെക്കോർഡ് സ്വന്തം. ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായും കൂടിയ താരം എന്ന റെക്കോര്‍ഡാണ് 37കാരനായ കാര്‍ത്തിക്ക് സ്വന്തം പേരിലാക്കിയത്. മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ റെക്കോർഡാണ് താരം തകർത്തത്.
ദക്ഷിണാഫ്രിക്കക്കെതിരെ 36-ാം വയസില്‍ അര്‍ധസെഞ്ചുറി നേടിയ ധോണിയുടെ റെക്കോര്‍ഡാണ് ഇനി കാര്‍ത്തിക്കിന്റെ പേരിൽ അറിയപ്പെടുക. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറായിരുന്നിട്ടും ഇന്ത്യക്കായി 98 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ധോണിയുടെ പേരില്‍ രണ്ട് അര്‍ധസെഞ്ചുറികള്‍ മാത്രമാണുള്ളത്.
2018ല്‍ അര്‍ധസെഞ്ചുറി നേടുമ്പോള്‍ ധോണിയുടെ പ്രായം 36 വയസും 229 ദിവസവുമായിരുന്നു. ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ അര്‍ധസെഞ്ചുറി നേടിയപ്പോള്‍ കാര്‍ത്തിക്കിന്റെ പ്രായം 37 വയസും 16 ദിവസവുമാണ്. 35 വയസും ഒരു ദിവസവും പ്രായമുള്ളപ്പോല്‍ അര്‍ധസെഞ്ചുറി നേടിയ ശിഖര്‍ ധവാനാണ് പ്രായത്തില്‍ മൂന്നാമത്. ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറി 16 വര്‍ഷത്തിനുശേഷമാണ് കാര്‍ത്തിക് ടി20യില്‍ അര്‍ധസെഞ്ചുറി നേടുന്നത് എന്നതും പ്രത്യേകതയാണ്.






































