ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് അയര്‍ലന്‍ഡ്
ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് അയര്‍ലന്‍ഡ്. ആന്‍ഡ്ര്യു ബാല്‍ബിര്‍ണി നയിക്കുന്ന 14 അംഗ ടീമിലേക്ക് ബാറ്ററായ സ്റ്റീഫന്‍ ഡോഹെനിയും പേസര്‍ കോനോര്‍ ഓള്‍ഫര്‍ട്ടിനെയും പുതുമുഖങ്ങളായി അയർലൻഡ് തെരഞ്ഞെടുത്തിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഇരുവർക്കും ടീമിലേക്കുള്ള അവസരത്തിന് കാരണമായത്. അയര്‍ലന്‍ഡിലെ ആഭ്യന്തര ടി20 ടൂര്‍ണമെന്‍റില്‍ ഡോഹെനി 52.67 ശരാശരിയില്‍ 158 റണ്‍സടിച്ചപ്പോള്‍ ഓള്‍ഫര്‍ട്ട് ആറ് വിക്കറ്റ് വീഴ്ത്തി തിളങ്ങിയിരുന്നു.
അതേസമയം ഓള്‍റൗണ്ടര്‍മാരായ ഷെയ്ന്‍ ഗെറ്റ് കേറ്റ്, സിമി സിംഗ് എന്നിവര്‍ക്ക് ടീമില്‍ ഇടം നേടാനായില്ലെന്നത് ശ്രദ്ധേയമാണ്. ഈ മാസം 26-നും 28-നും ഡബ്ലിനിലാണ് ഇന്ത്യ-അയര്‍ലന്‍ഡ് ടി20 മത്സരങ്ങള്‍ നടക്കുക. ഇതിന് മുമ്പ് ഇന്ത്യക്കെതിരെ കളിച്ച മൂന്ന് ടി20 മത്സരങ്ങളിലും അയര്‍ലന്‍ഡ് തോറ്റിരുന്നു. നേരത്തെ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള 17 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യ നയിക്കുന്ന ടീമില്‍ രാഹുല്‍ ത്രിപാഠിയാണ് പുതുമുഖം. മലയാളി താരം സഞ്ജു സാംസണും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.






































