അയാക്‌സിൽ നിന്നും റയാൻ ഗ്രാവൻബെർച്ചിനെ സ്വന്തമാക്കി ബയേൺ മ്യൂണിക്ക്
അയാക്‌സ് മധ്യനിര താരമായ റയാൻ ഗ്രാവൻബെർച്ചിനെ സ്വന്തമാക്കി ബയേൺ മ്യൂണിക്ക്. പത്തൊൻപതു മില്യൺ യൂറോയാണ് ഇരുപതുകാരനായ താരത്തിനു വേണ്ടി ബയേൺ മുടക്കിയത്. അഞ്ചു വർഷത്തെ കരാറാണ് ബുണ്ടസ്‌ലിഗ ചാമ്പ്യൻമാർ താരത്തിനായി നൽകിയിരിക്കുന്നത്.
അയാക്‌സിന്റെ അക്കാദമിയിലൂടെ വളർന്നുവന്ന ഗ്രാവൻബെർച്ച് 2018-19-ൽ സീനിയർ അരങ്ങേറ്റം നടത്തി. എല്ലാ ടൂർണമെന്റുകളിൽ നിന്നുമായി ഡച്ച് ടീമിനായി 103 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇരുപതുകാരനായ താരം അയാക്‌സിനായി 12 തവണയാണ് വല കുലുക്കിയിരിക്കുന്നത്. അയാക്സിനൊപ്പം മൂന്ന് എറെഡിവൈസി കിരീടങ്ങളും രണ്ട് ഡച്ച് കപ്പുകളും നേടിയ താരം ദേശീയ ടീമിനായി 10 തവണ കുപ്പായമണിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ ബയേൺ തുടർച്ചയായ പത്താം ബുണ്ടസ്‌ലിഗ കിരീടം നേടിയിരുന്നു. വരുന്ന സീസണിൽ മധ്യനിര ശക്തിപ്പെടുത്താനാണ് ഡിഫെൻസീവ് മിഡ്ഫീൽഡറായ റയാൻ ഗ്രാവൻബെർച്ചിനെ ബയേൺ സ്വന്തമാക്കിയിരിക്കുന്നത്.